14 വർഷത്തിനുശേഷം അമ്മയ്ക്കരികെ; വഴിതെറ്റി കേരളത്തിലെത്തി, ഫുട്ബോൾ താരമായി, ഒടുവിൽ രാജ വീട്ടിലേക്ക്

കണ്ണൂർ: ആറാം വയസ്സിൽ നഷ്ടമായ മകനെ 14 വർഷത്തിനുശേഷം കണ്ടുമുട്ടിയപ്പോൾ അമ്മ കണ്ണീരോടെ അവനെ ചേർത്തുപിടിച്ചു. ആ സ്നേഹവായ്പിൽ ഗ്രാമം മുഴുവൻ അലിഞ്ഞുചേർന്നു. ഝാർഖണ്ഡ് സ്വദേശി ബി.രാജയാണ് ബാല്യത്തിന്റെ ഓർമ്മയിൽ മങ്ങിപ്പോയ നാടിന്റെയും വീടിന്റെയും സ്നേഹത്തണലിലേക്ക് അണഞ്ഞത്.
ശനിയാഴ്ചയാണ് സോനുവ പോലീസ് സ്റ്റേഷൻ എസ്.ഐ. ഇന്ദ്രഡിയോർ രജകിനും വനിതാ-ശിശുവികസന വകുപ്പ് ജീവനക്കാരൻ മനോജ് കുമാർ ദാസിനുമൊപ്പം നാട്ടിലേക്ക് പുറപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ സിങ്ഭും ജില്ലയുടെ ആസ്ഥാനമായ ചൈബാസയിലെ റെയിൽവേ സ്റ്റേഷനിൽ രാജ അവർക്കൊപ്പം വണ്ടിയിറങ്ങി. 20 കിലോമീറ്റർ അകലെയാണ് വീട്. അവിടെനിന്ന് സോനുവ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. അമ്മ മണിയും നാല് സഹോദരിമാരും മാത്രമല്ല, നാട് മുഴുവൻ അവിടെ തിങ്ങിക്കൂടിയിരുന്നു. അവിശ്വസനീയമായിരുന്നു രാജയുടെ തിരിച്ചുവരവ്. അതുകൊണ്ടുതന്നെ എല്ലാ തിരക്കുകളും മാറ്റിവെച്ചാണ് നാട് രാജയുടെ വരവിനെ ആഘോഷിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മൂന്ന് കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് രാജയെയും ആനയിച്ച് അവർ നീങ്ങി. സ്റ്റേഷൻ മുറ്റത്തേക്ക് വരാനാകാത്തവർ വഴിയോരത്ത് കാത്തുനിന്നു. അമ്മയുടെയും മക്കളുടെയും സ്നേഹത്തിനൊപ്പം അവരും നീങ്ങി.
സ്നേഹം പങ്കുവെക്കാനാകാതെ...
ഫെബ്രുവരി 18-ന് ബന്ധുവിന്റെ ഫോണിലൂടെ അമ്മയെയും അനിയത്തിമാരെയും കണ്ടിരുന്നു. നേരിൽ കണ്ടപ്പോൾ സ്നേഹം പങ്കുവെക്കാനാകാതെ രാജ വീർപ്പുമുട്ടി. മാതൃഭാഷ രാജയ്ക്ക് വശമില്ല. കുട്ടിക്കാലത്തേ നാട് വിട്ടതിനാൽ, ഒഡിയയുടെ പ്രാദേശിക വകഭേദമായ ഭാഷ രാജയ്ക്ക് അന്യമായി. കുറച്ച് ഹിന്ദി അറിയാം. അതുകൊണ്ട് സംസാരിച്ചുനോക്കാനാണ് അവന്റെ ശ്രമം.
ബംഗാളിലെ ഹൗറയിൽനിന്നാണ് രാജ വഴിതെറ്റി കേരളത്തിലെത്തിയത്. ഹൗറയിലെ ഇഷ്ടികച്ചൂളയിൽ തൊഴിലാളികളായിരുന്നു അച്ഛൻ ബോദ്റാമും അമ്മ മണിയും. കൊച്ചിയിലെയും തൃശ്ശൂരിലെയും ഗവ. ചൈൽഡ് കെയർ ഹോമുകളിലെ താമസത്തിനുശേഷം കഴിഞ്ഞമാസം തലശ്ശേരിയിലെ ആഫ്റ്റർ കെയർ ഹോമിലത്തിയതാണ് വഴിത്തിരിവായത്. കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ താരമായിരുന്ന രാജയ്ക്ക് ഫുട്ബോൾ മികവിന് 2022-ൽ ഉജ്ജ്വലബാല്യം പുരസ്കാരം കിട്ടിയിരുന്നു. കുടുംബത്തോടൊപ്പം കുറേനാൾ കഴിഞ്ഞ് തലശ്ശേരിയിൽ തിരിച്ചെത്തി പഠനവും ഫുട്ബോൾ പരിശീലനവും തുടരാനാണ് രാജയുടെ തീരുമാനം.
Content Highlights: B. Raja reunited with his family in Jharkhand after 14 years of separation., Raja was a former Kerala Blasters junior player and Ujjwala Balyam award winner., The reunion was facilitated by Kerala child care authorities and local police., Despite language barriers, the emotional homecoming was celebrated by the entire village.