ജില്ലാ ആശുപത്രിയില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; ഡോക്ടര്‍മാര്‍ എത്താന്‍ വൈകുന്നെന്ന് കണ്ടെത്തി

തിരുവനന്തപുരം: പേരൂര്‍ക്കടയിലുള്ള ജില്ലാ ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനം. ഓ.പിയില്‍ ഡോക്ടര്‍മാര്‍ എത്താന്‍ വൈകുന്നതായും വാര്‍ഡുകളില്‍ റൗണ്ട്‌സ് കൃത്യമായി നടക്കുന്നില്ലെന്നും മന്ത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
ബുധനാഴ്ച രാവിലെ 8.30 ഓടെ ആയിരുന്നു മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. ആ സമയത്ത് പല ഓ.പികളിലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല .രണ്ട് ഓ.പികളില്‍ മാത്രമാണ് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നത്. ഡോക്ടര്‍മാര്‍ വാര്‍ഡുകളില്‍ റൗണ്ട്‌സിലാണ് എന്നാണ് ആശുപത്രി അധികൃതര്‍ മന്ത്രിയോട് പറഞ്ഞത്. ഇതനുസരിച്ച് മന്ത്രി വാര്‍ഡുകളില്‍ എത്തിയപ്പോള്‍ അവിടെയും ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. ഇതോടെ വിഷയത്തില്‍ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി.
ആശുപത്രിയിലെ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ മന്ത്രി പരിശോധിച്ചു. അതില്‍നിന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ആശുപത്രിയില്‍ എത്തിച്ചേരാന്‍ വൈകുന്നതായി കണ്ടെത്തി.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കൊപ്പമാണ് മന്ത്രി ജില്ലാ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പകരം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വാഹനത്തിലാണ് മന്ത്രി എത്തിയത്. സന്ദര്‍ശനത്തിന് പിന്നാലെ ആശുപത്രിയുടെ നടത്തിപ്പ് സംബന്ധിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടും മന്ത്രി തേടിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ആരോഗ്യമന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു.
Content Highlights: