ആശമാർ തെറ്റിദ്ധരിപ്പിക്കപ്പെട്ടു, സർക്കാരിന് അനുഭാവപൂർവമായ നിലപാട് - വീണാ ജോർജ്

വീണ ജോര്‍ജ് | Photo: Mathrubhumi
വീണ ജോര്‍ജ് | Photo: Mathrubhumi

തിരുവനന്തപുരം: ആശ വർക്കേഴ്സിന്റെ കാര്യത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്നും വളരെ  അനുഭാവപൂർവമായ നിലപാടാണുള്ളതെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിൽ 89 ശതമാനം ആശമാർക്ക് ഇൻസെന്റീവും ഓണറേറിയവും ഉൾപ്പെടെ 10,000 രൂപ മുതൽ 13,000 രൂപ വരെ മാസം ലഭിക്കുന്നുണ്ടെന്നും മറ്റേതു സംസ്ഥാനം നൽകുന്നതിനേക്കാൾ കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു. 

ആശമാരുടെ തൊഴിൽപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണ്. ഇനിയും കൂടുതൽ നൽകണമെന്നുതന്നെയാണ് കേരളത്തിന്റെ ആ​ഗ്രഹം. ധനവകുപ്പുമായി ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. പക്ഷെ 7000 രൂപയിൽ നിന്ന് 21,000 ആക്കുന്നത് അം​ഗീകരിച്ചാലേ സമരം അവസാനിപ്പിക്കൂ എന്നത് ഉചിതമല്ലെന്നും ഏതു സമരത്തിലും ജനാധിപത്യപരമായിട്ടുള്ള സമീപനങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.

'ആശ' കേന്ദ്ര സ്കീമാണ്. ആശാവർക്കർമാർ തൊഴിലാളികൾ ആണെന്ന് പോലും കേന്ദ്രം അംഗീകരിക്കുന്നില്ല. ഇൻസെന്റീവായി ഒരു രൂപ പോലും കേന്ദ്രം കഴിഞ്ഞ സാമ്പത്തിക വർഷം തന്നിട്ടില്ല. കേരളം ആശമാർക്ക് നൽകുന്നതിനായി വിനിയോ​ഗിച്ച തുകയിൽ കേന്ദ്രവിഹിതമായി നൽകാനുള്ള 100 കോടി നൽകണമെന്ന ആവശ്യമുയർത്തി ഡൽഹിയിൽ സമരം ചെയ്യുന്നതിന് താനും ആശമാർക്കൊപ്പമുണ്ടാകും. കേന്ദ്ര നിലപാടിൽ മാറ്റം വരണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. മന്ത്രി വ്യക്തമാക്കി.

ആശമാരുടെ വിദ്യാഭ്യാസ യോ​ഗ്യത ഏഴാം ക്ലാസിൽ നിന്ന് പത്താം ക്ലാസ് യോ​ഗ്യതയാക്കി  ഉയർത്തിയപ്പോൾ സാക്ഷരത മിഷനിലൂടെ  പത്താം ക്ലാസ് യോ​ഗ്യതയില്ലാത്ത ആശമാരെ രജിസ്റ്റർ ചെയ്യിപ്പിച്ച് പരീക്ഷയെഴുതിപ്പിച്ചു. 1799 പേർ ഇത്തരത്തിൽ യോ​ഗ്യത തേടി. തുടർവിദ്യഭ്യാസത്തിന് താത്പര്യമുള്ളവരിൽ 729 പേർ ഹയർസെക്കണ്ടറി തലത്തിൽ രജിസ്റ്റർ ചെയ്ത് പഠിക്കുന്നുണ്ട്. ഇതിനെല്ലാം സാമ്പത്തിക പിന്തുണ നൽകുന്നത് സ്റ്റേറ്റ് മിഷനാണ്. കഴി‍ഞ്ഞ മൂന്നു വർഷമായി കമ്പ്യൂട്ടർ സാക്ഷരതയും ഉറപ്പാക്കിയിട്ടുണ്ട്.  മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 26,125 ആശമാരിൽ ആറ് അല്ലെങ്കിൽ ഏഴു ശതമാനം മാത്രമാണ് സമരത്തിലുള്ളത്. അവർ തെറ്റിധരിപ്പിക്കപ്പെട്ടതാണെന്ന തിരിച്ചറിവിൽ പലരും സമരത്തിൽ നിന്ന് പിൻവലിയുന്നുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.

Content Highlights: minister veena george on asha workers protest