തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വീണാജോർജ്‌ എവിടെയെന്ന് പകൽ മുഴുവൻ അഭ്യൂഹം; രാത്രിയിൽ പത്രക്കുറിപ്പ്

#ന്യൂസ് ഡെസ്ക്
വീണാ ജോർജ് | Photo: Mathrubhumi
വീണാ ജോർജ് | Photo: Mathrubhumi

തിരുവനന്തപുരം: വെള്ളിയാഴ്ച പുലർച്ചെ പരിയാരം മെഡിക്കൽ കോളേജിൽനിന്നും ഡിസ്ചാർജുചെയ്ത മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർചികിത്സയ്ക്കായി വരുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും എത്തിയിരുന്നില്ല.

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽനിന്ന് പുലർച്ചെ നാലിനാണ് മന്ത്രി ഡിസ്ചാർജ് വാങ്ങിയത്. മന്ത്രി എവിടെയാണെന്ന് രാത്രിവരെ ആരും വ്യക്തമാക്കാതിരുന്നതോടെ അഭ്യൂഹങ്ങളുയർന്നു. രാത്രി എട്ടുമണിയോടെയാണ് മന്ത്രി പത്തനംതിട്ടയിലെ വീട്ടിലുണ്ടെന്ന് വ്യക്തമാക്കിയും തിങ്കളാഴ്ചവരെയുള്ള പരിപാടികൾ മാറ്റിവെച്ചതായും അറിയിച്ച് ഓഫീസ് പത്രക്കുറിപ്പിറക്കിയത്.

തിരുവനന്തപുരത്തേക്കു നേരിട്ടുള്ള വിമാനം കിട്ടാത്തതിനാൽ കാറിൽ പത്തനംതിട്ടയിലേക്കു പോകാൻ തീരുമാനിച്ചെന്നാണ് വിവരം. അവശനിലയിലായതിനാൽ, യാത്രയ്ക്കിടയിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ വിശ്രമിക്കേണ്ടിവന്നതിനാലാണ് വൈകിയതെന്നും അറിയുന്നു.

വ്യാഴം വൈകിട്ട് 4 മണി- മെഡിക്കൽ ബുള്ളറ്റിൻ: നിലവിലെ ശാരീരികാവസ്ഥയിൽ യാത്ര അനുവദനീയമല്ല. പരിയാരത്ത് ഐ.സി.യു.വിൽ ചികിത്സ തുടരാൻ നിർദേശിച്ചു.

വ്യാഴം രാത്രി 10 മണി - മെഡിക്കൽ ബോർഡ് യോഗം ഓൺലൈനായി ചേർന്നു. വേദന കുറവുണ്ടെന്നും പരസഹായമില്ലാതെ കാര്യങ്ങൾ ചെയ്യാനാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിസ്ചാർജ് ചെയ്യാനും തുടർചികിത്സ തിരുവനന്തപുരത്തേക്ക് മാറ്റാനും തീരുമാനിച്ചു.

വെള്ളി പുലർച്ചെ 4 മണി - പുലർച്ചെ മന്ത്രിയുടെ ഡിസ്ചാർജ്. യാത്ര കാറിൽ. ദീർഘദൂരം കാർ യാത്ര ചെയ്തതിലൂടെ നാടകം പൊളിഞ്ഞെന്ന് കോൺഗ്രസിന്റെ പരിഹാസം.

കെ.എസ്.യു. നേതാവിന്റെ വീടിനുനേരേ ബോംബേറ്

വടകര: മന്ത്രി വീണാജോർജിനെ ആക്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെ.എസ്.യു. കോഴിക്കോട് ജില്ലാ സെക്രട്ടറി ബിദുൽ ബാലന്റെ തോടന്നൂരിലെ വീടിനുനേരേ ബോംബേറ്. വീടിന്റെ ജനൽച്ചില്ലുകളും സൺഷെയ്ഡും തകർന്നു. വെള്ളിയാഴ്ച പുലർച്ചെ 2.47-നാണ് സംഭവം.

Content Highlights: Minister Veena George was discharged from Pariyaram Medical College early Friday., She is currently resting at her home in Pathanamthitta after a long car journey., Her discharge and travel have sparked political controversy and criticism from the opposition., A bomb was thrown at the house of a KSU leader remanded in a case involving the minister.