ജനപ്രതിനിധിയെ മാറ്റിനിര്‍ത്താന്‍ നിയമമില്ല, രാഹുല്‍ പൊതുപരിപാടികളില്‍നിന്ന് സ്വയം മാറിനില്‍ക്കണം - മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിട്ട സംഭവത്തില്‍ നിലപാട് മാറ്റി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍നിന്നും ഒരു ജനപ്രതിനിധിയെ മാറ്റിനിര്‍ത്താന്‍ നിയമം അനുവദിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇത്തരം വേദികളില്‍നിന്ന് മാറിനില്‍ക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം രാഹുല്‍ കാണിക്കണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
പാലക്കാട്ട് നടന്ന പരിപാടിയില്‍ വിദ്യാഭ്യാസമന്ത്രിക്കും എം.ബി. രാജേഷിനുമൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ വേദി പങ്കിട്ടത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗര്‍ഭഛിദ്ര ആരോപണമടക്കം നേരിടുന്ന രാഹുലിനൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ വേദിവിട്ടതോടെയാണ് സംഭവം വലിയ ചര്‍ച്ചയായത്. എന്നാല്‍ രാഹുലുമായി വേദിപങ്കിട്ടതില്‍ യാതൊരു പ്രശ്നവും തോന്നുന്നില്ല എന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ ആദ്യ പ്രതികരണം.
'രാഹുല്‍ അവിടുത്തെ എംഎല്‍എ ആണ്. അയാളുടെ മണ്ഡലത്തില്‍വെച്ചാണ് പരിപാടി നടന്നത്. രാഹുലിനെ തടയില്ലെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചതാണ്. രാഹുല്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല. കേസില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ. അങ്ങനെയുള്ള വ്യക്തിയെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ഞങ്ങളുടെ അന്തസ്സിന് നിരക്കുന്ന കാര്യമല്ല.' എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.
എന്നാല്‍, സംഭവം കൂടുതല്‍ വിവാദമായതോടെ മന്ത്രി നിലപാട് മാറ്റുകയായിരുന്നു. വിഷയത്തെ വിദ്യാഭ്യാസവകുപ്പ് ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇനിയും ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്താതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഒരു ജനപ്രതിനിധിയെ ഇത്തരം വേദികളില്‍നിന്നും മാറ്റിനിര്‍ത്താന്‍ നിയമപരമായി സാധിക്കില്ലെന്നും ധാര്‍മിക ഉത്തരവാദിത്തം മുന്‍നിര്‍ത്തി രാഹുല്‍ ഇത്തരം വേദികളില്‍ നിന്നും സ്വയം മാറി നില്‍ക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
വി. ശിവന്‍കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം;
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.
ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാര്‍ത്ഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന ഒരു പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു. ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ല.
ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ലെങ്കിലും, പൊതുസമൂഹത്തിന് മുന്നില്‍ നില്ക്കുമ്പോള് പാലിക്കേണ്ട ധാര്‍മികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ നിലവില്‍ അന്വേഷണത്തിലാണ്. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെ. എന്നാല്‍, പൊതുസമൂഹത്തില്‍, പ്രത്യേകിച്ചും കുട്ടികള്‍ക്ക് മാതൃകയാകേണ്ട വേദികളില്‍, ആരോപണ വിധേയരായ വ്യക്തികള്‍ സ്വയമേവ വിട്ടുനില്‍ക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സര്‍ക്കാര്‍ വിശ്വസിക്കുന്നു.
ഭാവിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളില്‍, വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാര്‍മിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിര്‍ദേശം നല്‍കും. പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഈ സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമായിരിക്കും.
Content Highlights: Education Minister V. Sivankutty says there`s no law to remove an MLA, but Rahul Mamkoottathil should have moral responsibility to step aside from public events. Learn more.