പുലിനഖം കെട്ടിനടക്കുന്നവർക്കും ആനക്കൊമ്പ് കൊണ്ടുപോയവർക്കും ഇല്ലാത്ത നിയമമാണ് വേടന് - മന്ത്രി കേളു

പൂപ്പത്തി (മാള): പുലിനഖം കെട്ടി നടന്നവരും ആനക്കൊമ്പ് കൊണ്ടുപോയവരും നമുക്ക് മുന്നിലുണ്ടെന്നും അവര്‍ക്കൊന്നുമില്ലാത്ത നിയമമാണ് വേടന് മാത്രമുള്ളതെന്നും മന്ത്രി ഒ.ആര്‍. കേളു. വേടനെ ഒതുക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത്. ജാതിയുടെ വേലിക്കെട്ടുകളും അതിര്‍വരമ്പുകളും ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
വേടന്റെ പരിപാടികള്‍ക്ക് ആളുകൂടിയപ്പോള്‍ ചിലര്‍ക്ക് വിറളിപിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി ഉന്നതി അംബേദ്കര്‍ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും മികച്ച വിദ്യാഭ്യാസത്തിനായി പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള 824 വിദ്യാര്‍ഥികളെയാണ് സംസ്ഥാനസര്‍ക്കാര്‍ വിദേശസര്‍വകലാശാലകളിലേക്ക് വിട്ടിരിക്കുന്നത്. അവര്‍ക്ക് 25 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
ഒരു റോഡ് മോശമായാല്‍ കേരളത്തിലെ എല്ലാ റോഡുകളും മോശമാണെന്നും ഒരു സ്‌കൂള്‍ക്കെട്ടിടത്തിലോ പാലത്തിലോ തകര്‍ച്ചയുണ്ടായാല്‍ എല്ലാം തകര്‍ന്നുവെന്നും വരുത്താനാണ് ശ്രമം. സമൂഹത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു.
2016-2017-ല്‍ ആരംഭിച്ച പട്ടികജാതി വികസനം-അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിച്ചത്. വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷനായി.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ ഷാന്റി ജോസഫ്, വൈസ് പ്രസിഡന്റ് ഡൊമിനിക് ജോമോന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സന്ധ്യാ നൈസന്‍, അനിലാ സുനില്‍, റഹ്‌മത്ത് ചൊവ്വര, സിബി ഫ്രാന്‍സിസ്, രാജേഷ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: minister or kelu supports vedan says he is getting attacked based on caste thrissur news