കരിങ്കൊടി പ്രതിഷേധം: പോസ്റ്റിട്ടത് യൂത്ത് കോൺ. അധ്യക്ഷനെന്ന നിലയിൽ, പിൻവലിച്ചത് മന്ത്രിയെന്ന നിലയിൽ- ജനീഷ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിൽനിന്ന് പിൻവലിച്ചതിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ.ജനീഷ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണെന്നുള്ള ചില മാധ്യമങ്ങൾ നൽകിയ വാർത്ത തെറ്റാണെന്ന് ജനീഷ് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് തന്റെ അഡ്മിൻ പാനൽ വീഡിയോ പോസ്റ്റ് ചെയ്തതെന്നും സംസ്ഥാന മന്ത്രിയുടെ പേരിൽ പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാലാണ് പിൻവലിച്ചതെന്നും ജനീഷ് വിശദീകരിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജനീഷിന്റെ വിശദീകരണം.
അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നും ജനീഷ് പറഞ്ഞു. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ തന്നെ വിമർശിക്കുന്ന സിപിഎം-ഡിവൈഎഫ്‌ഐക്കാർ കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തിൽ ആയിരുന്നു എന്നത് പരിഹാസ്യമാണെന്നും ജനീഷ് കൂട്ടിച്ചേർത്തു.
മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതാണ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ എന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നു.
പോസ്റ്റ് പിൻവലിച്ചത് ഞാൻ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു. തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം എന്ന് അഭ്യർഥിക്കുന്നു. അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ എന്നെ വിമർശിക്കുന്ന സി പി എം ഡി വൈ എഫ് ഐ ക്കാർ കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തിൽ ആയിരുന്നു എന്നത് പരിഹാസ്യമാണ്.
Content Highlights: Minister OJ Janeesh clarified that the Chief Minister did not ask him to delete the Amit Shah protest video., The video was posted by his admin panel as he is the Youth Congress President., The post was removed to avoid misunderstandings since it was on a state minister's official page., He criticized Yuva Morcha for protesting against Kerala ministers and mocked CPM-DYFI for their criticism.