‘ആരുടേയും ഔദാര്യമല്ല, ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല’; പ്രിയദർശിനിയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര സംബന്ധിച്ച് ഉയർന്ന വിവാദ പരാമർശത്തിൽ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ ഖേദം പ്രകടിപ്പിച്ചു. സൗജന്യയാത്ര ആരുടെയും ഔദാര്യമല്ലെന്നും അത് സ്ത്രീകളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്ത്രീകൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി.
ആരെയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ‘ഞങ്ങളാണ് പ്രിയദർശിനി പദ്ധതി തുടങ്ങിയത്. ചില പ്രസ്താവനകൾ കണ്ടപ്പോൾ എനിക്കു തോന്നിയത്; പ്രിയദർശിനി പദ്ധതി വേറെ ആരോ തുടങ്ങിയതാണെന്നും ഞങ്ങൾ അതു നിർത്താൻ പോകുകയാണെന്നുമാണ്. ഐക്യജനാധിപത്യ മുന്നണിയുടെ ഏറ്റവും പ്രിസ്റ്റീജ്യസ് ആയ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമാണ് പ്രിയദർശിനി. അത് ഇനിയും മുമ്പോട്ടുപോകും.’ മന്ത്രി വ്യക്തമാക്കി.
‘പദ്ധതി നിർത്താനുള്ള പരിപാടിയാണോ എന്ന് ചില സി.പി.എം. നേതാക്കൾ സംശയം ഉന്നയിച്ചിട്ടുണ്ട്. ഒരു സംശയവും വേണ്ട, പ്രിയദർശിനി പൂർവ്വാധികം ഭംഗിയോടെ മുമ്പോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്’ - മന്ത്രി കൂട്ടിച്ചേർത്തു.
‘സ്ത്രീകളോട് ഒരുതരത്തിലുള്ള വിവേചനവുമില്ലാതെയാണ് സർക്കാർ പെരുമാറുന്നത്. എല്ലാവരും ഒരുപോലെയാണ്. കൃത്യമായി ഏതൊരു സ്ത്രീക്കും പ്രിയദർശിനിയിൽ യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. അത് ആരുടെയും ഔദാര്യമല്ല; എന്റെയോ സർക്കാരിന്റെയോ ഔദാര്യമല്ല.’ അത്തരത്തിലുള്ള യാതൊരു ധാരണയും ഐക്യജനാധിപത്യ മുന്നണിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ വിവാദ പ്രസ്താവന
‘കുടുംബിനികളുടെ കൈവശം പണമില്ലാത്തതുകൊണ്ടാണ് പലരും പ്രിയദർശിനിയെ ആശ്രയിക്കുന്നത്. സ്ത്രീകളുടെ 'ബിഹേവിയർ' മനസ്സിലാക്കാൻ പ്രയാസമാണ്. ബസിന് കാശില്ലാത്ത സ്ത്രീ സ്വകാര്യസ്കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോൾ ഫീസ് കൊടുക്കേണ്ടാത്ത പ്രൈവറ്റിൽപ്പോലും വിടാതെ ഫീസ് കൊടുക്കേണ്ട സ്കൂളിലേക്കാണു വിടുന്നത്.’
‘ആശുപത്രിയുടെ കാര്യംവരുമ്പോൾ ഇതേ സ്ത്രീ തന്റെ ഭർത്താവിനെയും അച്ഛനെയുംകൊണ്ട് സർക്കാർ ആശുപത്രികളുടെ വരാന്തയിൽ കിടക്കുകയാണ്. ബസ് വന്നാൽ കാശ് കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും’ - എന്നായിരുന്നു മന്ത്രിയുടെ പരാമർശം.
സംഭവം വിവാദമായതോടെ മന്ത്രി വിശദീകരണവുമായി വീണ്ടും രംഗത്തെത്തിയിരുന്നു. പ്രിയദർശിനി ബസിന്റെ വിജയം നമ്മുടെ ദാരിദ്ര്യത്തിന്റെ പ്രതിഫലനമെന്നായിരുന്നു പ്രതികരണം. ‘ഇത്രയുംപേർ ബസിന് പണം ഇല്ലാതെ വിഷമിക്കുന്ന യാഥാർഥ്യത്തിലേക്ക് നമ്മൾ കടന്നുവരണം. അതാണ് പറഞ്ഞതിന്റെ അർഥം.’
‘സർക്കാർ ആശുപത്രികളിൽ ചെല്ലുമ്പോൾ ഒരു രക്ഷയുമില്ലാതെ വരാന്തയിൽപ്പോലും കിടക്കാൻ നിർബന്ധിക്കപ്പെടുകയാണ്. സർക്കാർസ്കൂളിൽ വിദ്യാഭ്യാസം സൗജന്യമാണെങ്കിലും അവിടെ മക്കളെ വിടാൻ കുറച്ചുവിഭാഗമെങ്കിലും തയ്യാറാകുന്നില്ല. അതിനു കാരണം, ദാരിദ്ര്യത്തിൽനിന്ന് മക്കളെ രക്ഷിക്കണമെന്നതുകൊണ്ടാണ്.’
‘ഞാൻ പറഞ്ഞത് ഈ മൂന്നു വിഭാഗങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിലേക്ക് കേരളം വളരണമെന്നാണ്. അത് വിവാദമാക്കേണ്ടവർക്കാക്കാം. ഒരു പരാതിയുമില്ല.’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം വിമർശനങ്ങൾ ഉയർന്നതോടെയാണ് ഖേദപ്രകടനവുമായി അദ്ദേഹം രംഗത്തെത്തിയത്.
Content Highlights: Minister CP John expressed regret over controversial remarks regarding women's travel., Reaffirmed that the Priyadarshini scheme is a flagship UDF program and will continue., Clarified that free travel in KSRTC is a right, not a government concession., Addressed concerns regarding government schools, hospitals, and transport usage.