മന്ത്രിസഭാ പുനഃസംഘടന LDF ആലോചിച്ചിട്ടില്ല, ചര്‍ച്ചയിലേക്ക് കടക്കാന്‍ സമയമായിട്ടില്ല- ആന്റണി രാജു

ആന്റണി രാജു |  Photo: Mathrubhumi
ആന്റണി രാജു | Photo: Mathrubhumi

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ നിഷേധിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. പുനഃസംഘടനയെക്കുറിച്ച് എല്‍ഡിഎഫ് ആലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍ഡിഎഫ് സമയാസമയങ്ങളില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. രണ്ടര വര്‍ഷത്തെ ധാരണ പുതിയ കാര്യമല്ല. ചര്‍ച്ചയിലേക്ക് കടക്കാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫിന് ഒരു ദിവസം പോരെ?  ഇടതുപക്ഷമുന്നണിക്ക് ഒരു മണിക്കൂറോ അരമണിക്കൂറോ മതി തീരുമാനമെടുക്കാന്‍. ഞാന്‍ മുന്നണിക്ക് അകത്തുതന്നെയുണ്ട്. മന്ത്രിസ്ഥാനം ആരുടേയും സ്ഥിര അവകാശമല്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്', മന്ത്രി പറഞ്ഞു.

'വ്യക്തിയുടെ മെറിറ്റും ഡി മെറിറ്റും നോക്കേണ്ടതില്ല. മുന്നണിയെന്ന നിലയില്‍ എല്ലാവശങ്ങളും പരിശോധിച്ച് അനുയോജ്യമായ തീരുമാനം കൈക്കൊണ്ടാല്‍ അത് എല്ലാവരും അംഗീകരിക്കും. എനിക്ക് മാത്രമാണ് അര്‍ഹത മറ്റാര്‍ക്കും ഇല്ലെന്ന് അഭിപ്രായം എനിക്കില്ല', ആന്റണി രാജു വ്യക്തമാക്കി.

ഗതാഗത വകുപ്പാണ് ഭരിക്കാന്‍ ഏറ്റവും നല്ല വകുപ്പ്. ഒരുപാട് വെല്ലുവിളികള്‍ ഉള്ള വകുപ്പാണെന്നും, ഗതാഗത വകുപ്പ് വേണ്ടന്ന കെ.ബി. ഗണേഷ്‌കുമാറിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തോട് ആന്റണി രാജു പ്രതികരിച്ചു.

മന്ത്രിസഭാ രൂപീകരണവേളയില്‍നടന്ന ചര്‍ച്ചയല്ലാതെ മുന്നണിയെന്ന നിലയിലോ വ്യക്തികളെന്ന നിലയ്‌ക്കോ പാര്‍ട്ടികള്‍ തമ്മിലോ നേതാക്കള്‍ തമ്മിലോ വിഷയത്തില്‍ ഇന്നുവരെ ചര്‍ച്ച നടന്നിട്ടില്ല. അങ്ങനെ നടക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. തന്റെ അറിവില്‍ ഇപ്പോള്‍ വരുന്നത് ഊഹാപോഹങ്ങളാണ്. ഓരോരുത്തരുടേയും ഭാവനയ്ക്ക് അനുസരിച്ച് വാര്‍ത്തകള്‍ ഉണ്ടാക്കുകയാണ്. ഇന്നത്തെ വാര്‍ത്തയും സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: minister antony raju ldf cabinet expansion transport ministry kb ganesh kumar