സ്ലാബിനിടയിലൂടെ കൈ പുറത്ത്! 2 ദിവസമായി ഓടയിൽ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു; ദുരൂഹത

കോഴിക്കോട്: ഫുട്പാത്തിന് താഴെയുള്ള ഓടയിൽ അകപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ പത്തരയോടെ കോഴിക്കോട് പുഷ്പ ജങ്ഷനിലാണ് സംഭവം. സ്ലാബിന് വശത്തുള്ള ദ്വാരത്തിലൂടെ ഇയാൾ കൈ പുറത്തിട്ടത് നാട്ടുകാർ കണ്ടതോടെ ബീച്ചിലെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
ചെമ്മങ്ങാട് സ്റ്റേഷനിൽനിന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി സ്ലാബ് പൊളിച്ച ശേഷമാണ് യുവാവിനെ പുറത്തെത്തിച്ചത്. പിന്നീട് ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ രണ്ടുദിവസമായി ഓടയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.
എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും പറയുന്നത്. സമീപത്തൊന്നും ഓടയിലേക്ക് ഇറങ്ങാനോ വീണുപോകാനോ സാധ്യതയുള്ള മാൻഹോൾ ഇല്ല. ഓടയുടെ മുകൾ ഭാഗം മുഴുവൻ സ്ലാബിട്ട് മൂടിയിട്ടുമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.