പിറവിതിരുനാളില്‍ ഏകീകൃത കുര്‍ബാനയര്‍പ്പിക്കണം; എറണാകുളം അങ്കമാലി അതിരൂപതാംഗങ്ങളോട് മാര്‍പ്പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പ| ഫോട്ടോ: എ.എഫ്.പി
ഫ്രാന്‍സിസ് മാര്‍പാപ്പ| ഫോട്ടോ: എ.എഫ്.പി

വത്തിക്കാന്‍: പിറവിതിരുനാളില്‍ സീറോ മലബാര്‍ സഭയില്‍ ഉടനീളം ചെയ്യുന്നതുപോലെ, എറണാകുളം-അങ്കമാലി അതിരൂപതയില്‍ സിനഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പരിശുദ്ധ കുര്‍ബാനയര്‍പ്പണം നടത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദേശം. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞതിനു പിന്നാലെയാണ് കുർബാന സംബന്ധിച്ച മാർപാപ്പയുടെ സന്ദേശം.

മെത്രാൻസിനഡ്, ദീർഘവും ശ്രമകരവുമായ പരിശ്രമത്തിനുശേഷം, പരിശുദ്ധ കുർബാനയുടെ അർപ്പണരീതി സംബന്ധിച്ച് ഒരു യോജിപ്പിലെത്തിയിരുന്നു. ഏറ്റം ആദർശയോഗ്യമായ തീരുമാനമല്ലിത് എന്ന് സിനഡിലെ ചില മെത്രാന്മാർ വിലയിരുത്തിയെങ്കിലും ഐക്യത്തിനു വേണ്ടിയുള്ള ആഗ്രഹവും സ്നേഹവുമാണ് ഇതുപോലൊരു തീരുമാനത്തിലെത്താൻ സിനഡ് അംഗങ്ങൾ എല്ലാവരെയും പ്രേരിപ്പിച്ചത്. സഭ കൂട്ടായ്മയാണ്, കൂട്ടായ്മ ഇല്ലായെങ്കില്‍ സഭയില്ല, ഒരു വിഘടിത വിഭാഗമാവുമെന്നും മാര്‍പ്പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. 

സമൂഹത്തിന്റെ മാതൃകകളും കൂട്ടായ്മയുടെ യഥാര്‍ത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലര്‍, പ്രത്യേകിച്ച് വൈദികര്‍, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിര്‍ക്കാനും വര്‍ഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് തനിക്കറിയാമെന്നും അവരെ പിന്തുടരരുതെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

സഭ തീരുമാനിച്ചതുപോലെ  കൂട്ടായ്മയില്‍ തുടരാനും കുര്‍ബാനയര്‍പ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്കെതിരെ അക്രമം നടന്നിട്ടുണ്ട്. സമാധാനപരമല്ലാത്ത ചര്‍ച്ച അക്രമം സൃഷ്ടിക്കുന്നു. സഭയുടെ, ആത്മീയ നന്മയ്ക്കായി ഈ മുറിവ് ഉണക്കണം. ഇത് നിങ്ങളുടെ സഭയാണ്, നമ്മുടെ സഭയാണ്. കൂട്ടായ്മ പുനഃസ്ഥാപിക്കണം. മാര്‍പ്പാപ്പ എന്താണ് ചിന്തിക്കുന്നതെന്ന് ഇനിയാര്‍ക്കും സംശയം വരാന്‍ ഇടയാകരുതെന്നും സന്ദേശത്തില്‍ പറയുന്നു.

പൂര്‍ണമായും ജനാഭിമുഖം, പൂര്‍ണമായും മദ്ബഹാഭിമുഖം, സിനഡ് ക്രമം (50:50)എന്നിങ്ങനെ മൂന്നു രീതിയിലുള്ള കുര്‍ബാന അര്‍പ്പണമാണ് സിറോ മലബാര്‍ സഭയില്‍ നിലനിന്നിരുന്നത്. 2021-ന് ചേര്‍ന്ന മെത്രാന്‍ സിനഡിലാണ് കുര്‍ബാന ഏകീകരിക്കാന്‍ തീരുമാനിക്കുന്നത്. സഭയില്‍ നിലവിലുണ്ടായിരുന്ന മൂന്ന് വ്യത്യസ്ത കുര്‍ബാനയര്‍പ്പണ രീതികള്‍ സംയോജിപ്പിച്ചാണ് ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി തയ്യാറാക്കിയത്. ഇതനുസരിച്ച് കുര്‍ബാനയില്‍ വിശ്വാസപ്രമാണം മുതല്‍ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അള്‍ത്താരാഭിമുഖമായിട്ടും ബാക്കി ഭാഗം ജനാഭിമുഖമായും അര്‍പ്പിക്കുന്നു.

വര്‍ഷങ്ങള്‍ നീണ്ട എതിര്‍പ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കിയത്. എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍, കഴിഞ്ഞ 50 വര്‍ഷങ്ങളായി തങ്ങള്‍ പിന്തുടരുന്ന ജനാഭിമുഖ രീതിയില്‍ മാത്രമെ ഇനിയും കുര്‍ബാനയര്‍പ്പിക്കൂവെന്ന ഉറച്ച നിലപാടെടുക്കുകയായിരുന്നു.

Content Highlights: message of pope to ernakulam angamaly archdiocese