ഇ.ഡിയുടെ ലുക്ക്ഔട്ട് സര്‍ക്കുലര്‍; ഫസല്‍ ഗഫൂറിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയ പശ്ചാത്തലത്തിലായിരുന്നു നടപടി. എമിഗ്രേഷന്‍ വിഭാഗം പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച ഹാജരാകാന്‍ ഫസല്‍ ഗഫൂറിനോട് ഇഡി നിര്‍ദേശിച്ചു.
എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഫസല്‍ ഗഫൂറിനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇഡി നിരവധി തവണ ഫസല്‍ ഗഫൂറിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതുവരെയും അദ്ദേഹം ഹാജരായിരുന്നില്ല. ഈ ഘട്ടത്തിലാണ് ഇഡി ഫസല്‍ ഗഫൂറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.
വ്യാഴാഴ്ച ഒരു വിദേശയാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ സാഹചര്യത്തിലാണ് എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ഫസല്‍ ഗഫൂറിനെ തടഞ്ഞത്. തുടര്‍ന്ന് അവര്‍ ഇഡിയെ വിവരമറിയിച്ചു. ഇഡി ഫസല്‍ ഗഫൂറുമായി ബന്ധപ്പെടുകയും ചോദ്യംചെയ്യലിന് ഹാജരാകാത്തതിനുള്ള വിശദീകരണം ആരായുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ന് ഇഡിയുടെ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
Content Highlights: MES President Fazal Ghafoor was briefly detained at Nedumbassery Airport by the Enforcement Directorate (ED) due to a financial dealings case. He has been asked to appear before the ED.