വിവാഹാഘോഷം പാളി, പുത്തൻകാറുകൾ ഇനി സ്റ്റേഷനിൽ, 3 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, 6 മാസത്തെ ക്ലാസും

#ന്യൂസ് ഡെസ്ക്ക്
മേപ്പയ്യൂരിൽ അപകടകരമായി യാത്ര നടത്തിയ വിവാഹസംഘത്തിന്റെ കാർ ജോ. ആർ.ടി.ഒ. ടി.എം. പ്രഗീഷ് പരിശോധിക്കുന്നു
മേപ്പയ്യൂരിൽ അപകടകരമായി യാത്ര നടത്തിയ വിവാഹസംഘത്തിന്റെ കാർ ജോ. ആർ.ടി.ഒ. ടി.എം. പ്രഗീഷ് പരിശോധിക്കുന്നു

പേരാമ്പ്ര: മേപ്പയ്യൂരിൽ വിവാഹസംഘം അപകടകരമായി കാർയാത്ര നടത്തിയ സംഭവത്തിൽ നടപടിയുമായി മോട്ടോർവാഹനവകുപ്പ്. മൂന്ന് ആഡംബര കാറുകൾ ബുധനാഴ്ച കാറോടിച്ചവർ പരിശോധനയ്ക്കായി പേരാമ്പ്ര ജോ. ആർ.ടി.ഒ. ഓഫീസിൽ ഹാജരാക്കി. അപകടകരമായി വാഹനം ഓടിച്ചതിന് മോട്ടോർവാഹനവകുപ്പും കേസെടുത്തു.

വാഹനം ഓടിച്ച ഇജിൻ ലാൻ റോഷൻ, റഹിം മിഷാബ്, ദിനു അദ്നാൻ എന്നിവരുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് പേരാമ്പ്ര ജോ. ആർ.ടി.എ. ടി.എം. പ്രഗീഷ് അറിയിച്ചു. ആർ.സി.യും താത്കാലികമായി സസ്പെൻഡ്‌ ചെയ്യും. പിഴയും ഈടാക്കും. മോട്ടോർവാഹനവകുപ്പിനു കീഴിലുള്ള എടപ്പാളിലെ ഐ.ഡി.ടി.ആറിൽ മൂന്നുമാസം റോഡ് സേഫ്റ്റി ക്ലാസിൽ പങ്കെടുക്കാൻ അയക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുമാസം സാമൂഹികസേവനം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ കാർ, മോട്ടോർ കാബ് എന്നനിലയിൽ ടാക്സിനമ്പർ വെച്ച് ഓടിയതിനും കേസെടുത്തിട്ടുണ്ട്.

ഏഴ് വാഹനങ്ങളിലായി 15-ഓളം ചെറുപ്പക്കാരായിരുന്നു ഉണ്ടായിരുന്നത്. ശരിയായ നമ്പർപ്ലേറ്റ് മാറ്റി ഫാൻസി നമ്പർപ്ലേറ്റ് ഉപയോഗിച്ചതായും സൈലൻസർ മാറ്റിയതായും പരിശോധനയിൽ കണ്ടെത്തി. മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ മേപ്പയ്യൂർ പോലീസിനു കൈമാറി. ബാക്കിയുള്ള നാല് വാഹനങ്ങളും പിടികൂടും. ജോ. ആർ.ടി.ഒ.മാരായ ടി.എം. പ്രഗീഷ്, എ.എം.വി.ഐ.മാരായ വി.പി. ശ്രീജേഷ്, പി. സജീർ, പി.എ. ഷിനു എന്നിവർ വാഹനപരിശോധനയ്ക്ക് നേതൃത്വം നൽകി.

തിങ്കളാഴ്ചയാണ് നരക്കോട് സ്വദേശിയുടെ വിവാഹത്തിന് വരന്റെ യാത്രാസംഘത്തിലുള്ള യുവാക്കൾ പേരാമ്പ്ര-പയ്യോളി റോഡിലൂടെ അപകടകരമായും ഗതാഗതതടസ്സമുണ്ടാക്കുന്ന വിധത്തിലും കാർയാത്ര നടത്തിയത്. ഇരുവശത്തും കാറിന്റെ വിൻഡോയിലൂടെ യുവാക്കൾ എഴുന്നേറ്റുനിന്നായിരുന്നു യാത്ര.

നാട്ടുകാർ പരാതിയറിയിച്ചതോടെ അപകടകരമായ ഡ്രൈവിങ്ങിന് മേപ്പയ്യൂർ പോലീസും കഴിഞ്ഞദിവസം കേസെടുത്തിരുന്നു.

Content Highlights: Three drivers' licenses suspended for six months due to reckless driving