തോന്നിയ വഴിക്ക് പോകരുത്; മീശപ്പുലിമല കുറിഞ്ഞി ട്രെക്കിങ് വനംവകുപ്പ് നിർദേശിച്ച പാതയിലൂടെമാത്രം, ലംഘിച്ചാൽ നടപടി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം- മാതൃഭൂമി
പ്രതീകാത്മകചിത്രം- മാതൃഭൂമി

മൂന്നാർ: മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി വസന്തം കാണാനെത്തുന്നവർ വനംവകുപ്പ് നിർദേശിക്കുന്ന പാതയിലൂടെമാത്രമേ യാത്രചെയ്യാവൂ. നിർദേശങ്ങൾ ലംഘിച്ചാൽ കർശനനടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

നീലക്കുറിഞ്ഞിപ്പൂക്കൾ പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും ശിക്ഷാർഹമാണ്. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം. മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്ക് നിരോധനമുണ്ട്. വരയാടുകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെയും അപൂർവയിനം തവളകളെയും മറ്റു ജീവികളെയും തൊടാനോ അവയ്ക്ക് തീറ്റ നൽകാനോ പാടില്ല.

മുൻകൂർ അനുമതി വേണം

മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികൾ മുൻകൂട്ടി അനുമതി നേടണം. കുറിഞ്ഞി ആപ്പ്‌ വഴിയോ www.kfdcecotourism.com എന്ന വെബ്‌സൈറ്റ് വഴിയോ ബുക്കുചെയ്തെത്തുന്നവർക്കുമാത്രമേ പ്രവേശനം അനുവദിക്കൂ. ദിവസേന പരമാവധി 750 പേർക്കാണ് പ്രവേശനം. രാവിലെ ആറുമുതലാണ് പ്രവേശനം.

മൂന്നാർ സൈലന്റ് വാലി റോഡിലെ കോർപ്പറേഷൻ ഓഫീസിൽനിന്ന് 28 കിലോമീറ്റർ അകലെയാണ് മീശപ്പുലിമല. വനംവകുപ്പിന്റെ വാഹനസൗകര്യവും ഉണ്ട്. ജി.എസ്.ടി. ഉൾപ്പെടെ ഒരാൾക്ക് 1,475 രൂപയാണ് നിരക്ക്. സമുദ്രനിരപ്പിൽനിന്ന് 2,640 മീറ്റർ ഉയരത്തിലുള്ള മീശപ്പുലിമല ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ്.

താമസത്തിനായി 60 പേർക്ക് ടെന്റ് സ്റ്റേ സൗകര്യവും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. സ്ലീപ്പിങ് ബാഗുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ടെന്റിൽ മൂന്നുനേരത്തെ ഭക്ഷണം ഉൾപ്പെടുന്ന ഇക്കോ ടൂറിസം പാക്കേജിന് ഒരാൾക്ക് 4,500 രൂപയാണ് നിരക്ക്. റോഡോ മാൻഷനിൽ 18 പേർക്ക് പ്രത്യേക താമസസൗകര്യവുമുണ്ട്.

Content Highlights: Mandatory prior online booking through the Kurinji app or official website for entry., Strict daily limit of 750 visitors starting from 6:00 AM., Prohibition of plastic, alcohol, plucking flowers, and disturbing wildlife like Nilgiri Tahr., Eco-tourism packages include tent stays and Rhodomansion accommodation options.