ആശുപത്രിയിൽ ബിൽ 3.27 ലക്ഷം, ക്ലെയിം ചെയ്തയച്ചത് 72,000; മെഡിസെപ്പിന്റെ മറവിൽ തീവെട്ടിക്കൊള്ള

#അനു എബ്രഹാം
പ്രതീകാത്മക ചിത്രം | Photo by allison dinner and Allison Dinner / AFP
പ്രതീകാത്മക ചിത്രം | Photo by allison dinner and Allison Dinner / AFP

കോഴിക്കോട്: 3,27,814 രൂപ ആശുപത്രിബിൽ. മെഡിക്കൽ ഇൻഷുറൻസിൽ ആശുപത്രി ക്ലെയിംചെയ്തത് 72,650 രൂപ. അപ്രൂവലായത് 55,525 രൂപയും. രോഗിക്ക് കൈയിൽനിന്ന് പോയത് 2,72,289 രൂപ. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കാഷ്‌ലെസ് ചികിത്സ വാഗ്ദാനംചെയ്ത് സംസ്ഥാനസർക്കാർ നടപ്പാക്കിയ മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ മറവിലാണ് തീവെട്ടിക്കൊള്ള.

ന്യുമോണിയ ഉൾപ്പെടെയുള്ള അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ റിട്ട. അധ്യാപകൻ ജെയിംസും കുടുംബവും വിഷയത്തിൽ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.

സെപ്റ്റംബർ 20-നാണ് ജെയിംസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 29-ന് ഡിസ്ചാർജ് ആയി. 10 വിഭാഗങ്ങളിലെ ഡോക്ടർമാർ റൂമിൽ കാണാനെത്തി, അതിനുമാത്രം ബിൽ 30,300 രൂപ. ഡോക്ടർ ഒന്ന്‌ ‘കണ്ടാൽ’ ആയിരംരൂപയ്ക്കുമുകളിൽ. നഴ്സിങ് ചാർജ് ദിവസം 4500 രൂപ. എന്നാൽ, ഈ ബില്ലുകളൊന്നും ക്ലെയിമിനായി മെഡിസെപ്പിലേക്ക് ആശുപത്രി അധികൃതർ അയച്ചിട്ടുമില്ല.

മെഡിസെപ്പിന് കാഷ്‌ലെസ് ചികിത്സയുള്ള എംപാനൽഡ് ആശുപത്രിയായിട്ടും മുഴുവൻ തുകയും കൈയിൽനിന്ന് അടയ്ക്കേണ്ടിവന്നു. ഡിസ്ചാർജായി ഒരാഴ്ച കഴിഞ്ഞിട്ടും അപ്രൂവലായ തുക കിട്ടിയില്ല. ന്യുമോണിയക്കുള്ള ക്ലെയിമേ ആശുപത്രി‌ അധികൃതർ നൽകിയിട്ടുള്ളൂവെന്നാണ് മെഡിസെപ്പ് അധികൃതർ പറയുന്നത്.

കൈയിൽനിന്ന് ഇത്രയധികം തുക അടയ്ക്കേണ്ടിവന്നത് എന്തുകൊണ്ടെന്ന ജെയിംസിന്റെ ചോദ്യത്തിന് ആശുപത്രി അധികൃതർക്ക് കൃത്യമായ മറുപടിയില്ല. രണ്ടുചോദ്യങ്ങൾക്കാണ് ജെയിംസും കുടുംബവും ഉത്തരംതേടുന്നത്. 3.27 ലക്ഷം രൂപയിലേറെ ചികിത്സയ്ക്കായെങ്കിൽ എന്തുകൊണ്ട് മുഴുവൻ തുകയും ആശുപത്രി അധികൃതർ ക്ലെയിംചെയ്തില്ല? ബാക്കി തുകയ്ക്കുള്ള ബിൽ യഥാർഥത്തിലുള്ളതാണോ?

താളംതെറ്റി കാഷ്‌ലെസ്: കാഷ്‌ലെസ് ചികിത്സ വാഗ്ദാനംചെയ്ത് സർക്കാർ നടപ്പാക്കിയ മെഡിസെപ്പിൽ എംപാനൽഡ് ലിസ്റ്റിൽപ്പെട്ട ആശുപത്രികളിൽ പലതും കാഷ്‌ലെസ് ചികിത്സ നൽകുന്നില്ലെന്ന് വ്യാപകപരാതി ഉയർന്നിട്ടുണ്ട്. ഡിസ്ചാർജ് ആകുമ്പോൾ എത്രയാണ് മെഡിസെപ്പിൽ അപ്രൂവലായ തുകയെന്നുപോലും അറിയാനാകാത്ത സ്ഥിതിയുണ്ടെന്നും പറയുന്നു.