മെഡിസെപ്പിൽ പണംനിഷേധിച്ചു; 18 ലക്ഷം നൽകാൻ വിധി, എംപാനൽ ആശുപത്രിയിലല്ലെങ്കിലും പണം നൽകണമെന്ന് നിർദേശം

പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

തിരുവനന്തപുരം: എംപാനൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയില്ല എന്ന കാരണത്താൽ മെഡിസെപ്പിൽ ഇൻഷുറൻസ് തുക നിഷേധിച്ച നടപടി റദ്ദാക്കി പെർമനന്റ് ലോക് അദാലത്ത് വിധി. പരാതിക്കാരന് ചികിത്സാച്ചെലവായ 18 ലക്ഷം രൂപയും കോടതിച്ചെലവായി 10,000 രൂപയും നൽകണമെന്നാണ് വിധി. ആരോഗ്യവകുപ്പിൽനിന്നു വിരമിച്ച ഫാർമസിസ്റ്റ് പി. അനിൽകുമാറിന് അനുകൂലമായാണ് ലോക് അദാലത്തിന്റെ വിധി ഉണ്ടായിരിക്കുന്നത്.

മെഡിസെപ്പ് പദ്ധതിയിൽ എംപാനൽചെയ്ത ആശുപത്രിയിലല്ല അനിൽകുമാർ ശസ്ത്രക്രിയ നടത്തിയതെന്നുകാണിച്ച് സർക്കാരും സ്‌കീം നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും അപേക്ഷ തള്ളിയിരുന്നു. ഇതിനെതിരേയാണ് അനിൽകുമാർ പെർമനന്റ് ലോക് അദാലത്തിൽ ഹർജി നൽകിയത്.

അനിൽകുമാറിന് അടിയന്തര ശസ്ത്രക്രിയയാണ് നടത്തിയതെന്ന് കേസിന്റെ തെളിവെടുപ്പുസമയത്ത് ഡോക്ടർ മൊഴിനൽകി. കരൾമാറ്റി വെച്ചില്ലെങ്കിൽ രോഗിയുടെ ആരോഗ്യനില മോശമാകുമായിരുന്നുവെന്നും സ്ഥിരം കിടപ്പുരോഗിയായി മാറാനുള്ള സാധ്യത ഏറെയായിരുന്നുവെന്നുമാണ് ഡോക്ടറുടെ മൊഴി.

എംപാനൽ ആശുപത്രിയല്ലെങ്കിലും അടിയന്തരഘട്ടത്തിലെ ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും വരുന്ന ചെലവ് മടക്കിക്കൊടുക്കാൻ ഇൻഷുറൻസ് കമ്പനിക്കും സർക്കാരിനും ബാധ്യതയുണ്ടെന്ന് ലോക് അദാലത്ത് വിധിച്ചു. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ എസ്.രഘുകുമാർ, പി.ബാബു, ത്രേയ ജെ.പിള്ള എന്നിവർ ഹാജരായി.

Content Highlights: Kerala Lok Adalat Orders Insurance Payout for Non-Empaneled Hospital Surgery