തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്; തുന്നലിട്ട മുറിവിനുള്ളിൽനിന്ന് കണ്ടെത്തിയത് മരക്കഷണം

#മാതൃഭൂമി ന്യൂസ്
പുറത്തെടുത്ത മരക്കഷണവുമായി മധു | Photo: screengrab/mathrubhumi news
പുറത്തെടുത്ത മരക്കഷണവുമായി മധു | Photo: screengrab/mathrubhumi news

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ രോഗിയുടെ തുന്നലിട്ട മുറിവിനുള്ളിൽനിന്ന് രണ്ട് മാസത്തിന് ശേഷം മരക്കഷണം കണ്ടെത്തിയതായാണ് പരാതി. ഭരതന്നൂർ കരിങ്കട സ്വദേശിയായ മധുവിൻ്റെ ഇടതുകാലിലെ തുന്നലിട്ട മുറിവിനുള്ളിൽനിന്നാണ് രണ്ട് മാസത്തിന് ശേഷം അഞ്ച് സെന്റീമീറ്റർ നീളമുള്ള മരക്കഷണം കണ്ടെത്തിയത്.

മാർച്ച് 21-നാണ് മരത്തിൽനിന്ന് വീണ് പരിക്കേറ്റതിനെത്തുടർന്ന് മധു മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. അന്ന് കാലിന്റെ എക്സ്റേ എടുക്കുകയും മുറിവ് തുന്നിക്കെട്ടി മധുവിനെ വീട്ടിലേക്ക് മടക്കി അയക്കുകയുമായിരുന്നു.

എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും മുറിവ് ഉണങ്ങാതെ പഴുപ്പ് വരികയും അസഹനീയമായ വേദന അനുഭവപ്പെടുകയും ചെയ്തതോടെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് മുറിവിനുള്ളിൽ മരക്കഷണം കണ്ടെത്തിയത്.

തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ അഞ്ച് സെന്റീമീറ്റർ നീളവും മൂന്ന് സെന്റീമീറ്റർ വീതിയുമുള്ള മരക്കഷ്ണം പുറത്തെടുക്കുകയായിരുന്നു. മുറിവിനുള്ളിൽ അകപ്പെട്ട മരക്കഷണം മെഡിക്കൽ കോളേജിലെ പ്രാഥമിക പരിശോധനയിലും എക്സ്റേയിലും കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണെന്നാണ് ആശുപത്രിക്കെതിരെ ഉയരുന്ന ആരോപണം.

ആരോഗ്യപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ പ്രതിഷേധത്തിലാണ് മധുവിന്റെ കുടുംബം. ചികിത്സാപ്പിഴവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.

Content Highlights: A serious case of medical negligence reported at Trivandrum Medical College where a 5cm long wood piece was discovered inside a patient's stitched wound two months after initial treatment.