മാട്രിമോണിയൽ ആപ്പിലൂടെ സൗഹൃദംസ്ഥാപിച്ച് തട്ടിപ്പ്; കേന്ദ്ര ജീവനക്കാരന് നഷ്ടമായത് 22 ലക്ഷം

ആലപ്പുഴ: മാട്രിമോണിയൽ ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് കേന്ദ്രജീവനക്കാരിൽനിന്ന് 22.67 ലക്ഷം രൂപ യുവതി തട്ടിയെടുത്തതായി പരാതി. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലാണ് തട്ടിപ്പു നടന്നത്. യുവാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
ബിറ്റ്കൊയിൻ ഷെയർമാർക്കറ്റിൽ നിക്ഷേപിച്ചാൽ സാമ്പത്തിക ഭദ്രതയുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നു പ്രതിയുടെ അക്കൗണ്ടിലേക്കു പലതവണ പണം അയച്ചു. നൽകിയ പണമോ വിശ്വസിപ്പിച്ച അധികവരുമാനമോ ലഭിക്കാഞ്ഞപ്പോൾ സംശയം തോന്നി. തുടർന്ന് പോലീസിൽ പരാതി നൽകി. അക്കൗണ്ടിലൂടെയല്ലാതെ യു.പി.ഐ. വഴിയും പണം നൽകിയിരുന്നു. 20-ലേറെ തവണയാണ് അക്കൗണ്ട് മുഖേന പണം തട്ടിയെടുത്തത്.
തട്ടിപ്പുകാരി മാട്രിമോണിയൽ സൈറ്റിൽ ഉപയോഗിച്ചത് വ്യാജ ഐഡിയാണെന്നു പോലീസ് സംശയിക്കുന്നു. യുവാവും സ്ത്രീയും ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച യുവാവിൽനിന്നു മൊഴി രേഖപ്പെടുത്തി. ജോലിയുടെ ഭാഗമായി യുവാവ് സംസ്ഥാനത്തിനു പുറത്തായിരുന്നു. ഈസമയത്തായിരുന്നു ബാങ്ക് ഇടപാടുകൾ നടത്തിയത്.
പണം നൽകിയ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും തമ്മിൽ സംസാരിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. ഇതിനു മുന്പും ജില്ലയിൽ മാട്രിമോണിയൽ സൈറ്റുകളും ആപ്പുകളും വഴി തട്ടിപ്പു നടന്നിട്ടുണ്ട്. ചില കേസുകളിൽ പ്രതികളെ പിടിക്കാൻ പോലീസിനായിട്ടുണ്ട്.
Content Highlights: A woman allegedly defrauded a central government employee of over 22 lakh via a matrimonial app by promising Bitcoin and stock market returns. Police are investigating.