പ്രതിഭയ്ക്ക് ഇനി സ്വന്തം ഭവനം; 'എന്റെ വീട്' പദ്ധതിയിലെ 100-ാം വീട് കൈമാറി

കോട്ടയം: മാതൃഭൂമിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേര്‍ന്ന് നിര്‍മിച്ച 'എന്റെ വീട്' പദ്ധതിയിലെ നൂറാമത്തെ വീട് കൈമാറി. ചങ്ങനാശ്ശേരി പുതുച്ചിറ സ്വദേശി പ്രതിഭക്കാണ് വീട് നല്‍കിയത്. സഹകരണ, രജിസ്ട്രേഷൻ മന്ത്രി വി.എന്‍. വാസവന്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.
ചങ്ങനാശ്ശേരി പുതുച്ചിറ നെല്ലിക്കല്‍ വീട്ടില്‍ പ്രതിഭക്ക് ഇത് സ്വപ്‌നം പൂക്കുന്ന നിമിഷമാണ്. വാടക വീട്ടിലെ താമസത്തിന് താഴിട്ടാണ് പ്രതിഭയും മക്കളും സുന്ദരമായ ഈ വീട്ടിലേക്ക് താമസം മാറ്റിയത്. സ്വന്തമായി വീടില്ലാത്തവര്‍ക്കായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും സംയുക്തമായി നടപ്പാക്കിയ എന്റെ വീട് പദ്ധതിയാണ് പ്രതിഭയുടെ സ്വപ്‌നത്തിന് നിറം നല്‍കിയത്.
ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഭവനരഹിത കേരളത്തിലേക്ക് ഒരു പടി കൂടെ അടുക്കുകയാണെന്ന് താക്കോല്‍ദാനം നിര്‍വഹിച്ച മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ആയിരം വീടുകളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നൂറ് വീട് പൂര്‍ത്തിയായതിനൊപ്പം 450 വീടുകളുടെ പണി പുരോഗമിക്കുകയാണ്. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് സ്ലീബ്ബ, മാനേജര്‍ ടാനിയ ചെറിയാന്‍, ഡോ. സൂസമ്മ, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.കെ. ജയചന്ദ്രന്‍, റീജിയണല്‍ മാനേജര്‍ ടി. സുരേഷ്, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ലാലിമ ടോമി കാലായില്‍, വാര്‍ഡ് മെമ്പര്‍ പി.എസ്. ഷാജഹാന്‍, ശാന്തപ്പന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.