മാതൃഭൂമി ഡിജിറ്റൽ വിഭാഗം അസിസ്റ്റന്റ് എഡിറ്റർ ജോസഫ് ആന്റണി വിരമിച്ചു

#ന്യൂസ് ഡെസ്ക്
ജോസഫ് ആന്റണി | മാതൃഭൂമി
ജോസഫ് ആന്റണി | മാതൃഭൂമി

കോഴിക്കോട്: മാതൃഭൂമി ഡിജിറ്റൽ വിഭാഗം അസിസ്റ്റന്റ് എഡിറ്റർ ജോസഫ് ആന്റണി സർവീസിൽനിന്ന് വിരമിച്ചു. മാതൃഭൂമി സെൻട്രൽ ഡെസ്കിലും പാലക്കാട് യൂണിറ്റിലും സബ്എഡിറ്റർ, ചീഫ് സബ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2009-മുതൽ ഡിജിറ്റൽ വിഭാഗത്തിലാണ്.

1996-ൽ മാതൃഭൂമിയിൽ ജേർണലിസ്റ്റ് ട്രെയിനിയായി ചേർന്ന ജോസഫ് ആന്റണി 30 വർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. ശാസ്ത്രലേഖകനും ഗ്രന്ഥകാരനുമാണ്.

ശാസ്ത്രമേഖലയിലെ പുതുചലനങ്ങൾ വായനക്കാരിലെത്തിച്ച ജോസഫ് ആന്റണി ബെംഗളുരൂവിൽ നടന്ന തൊണ്ണൂറാം സയൻസ് കോൺഗ്രസ് മാതൃഭൂമിക്കുവേണ്ടി റിപ്പോർട്ട് ചെയ്തു. മാതൃഭൂമി നഗരം പേജിൽ സയൻസ് മാറ്റേഴ്‌സ് എന്ന കോളം 145 ലക്കങ്ങൾ ചെയ്തു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സയൻസ് പംക്തിയായ ഫ്യൂച്ചർ ഷോക്ക് 2019-മുതൽ എഴുതുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഹരിതഭൂപടം: കെ.എസ്. മണിലാലും ഹോർത്തൂസ് മലബാറിക്കൂസിന്റെ രണ്ടാം പിറവിയും, ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ശാസ്ത്രപ്രതിഭകൾ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ അമ്പൂരി ഇളംപുരയിടത്തിൽ പരേതനായ ഇ.എം. ആന്റണിയുടെയും ത്രേസ്യാമ്മയുടെയും മകനാണ്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും കേരള സർവകലാശാലയിൽനിന്ന് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടി.

ലൂസിയാണ് ഭാര്യ. അനുപമ കെ. ജോസഫ് (പ്രോജക്ട് ഡിവലപ്പർ, പവർഫ്ളക്സ്, ന്യൂയോർക്ക്), എലിസബത്ത് ജോസഫ് (എൻജിനിയറിങ് വിദ്യാർഥിനി, വാഷിങ്‌ടൺ യൂണിവേഴ്‌സിറ്റി, സെയ്‌ന്റ് ലൂയീസ്, യു.എസ്.എ.) എന്നിവരാണ് മക്കൾ.

Content Highlights: Joseph Antony retires from Mathrubhumi after 30 years of service., Served in various roles including Sub-editor and Chief Sub-editor., Notable contributor to science journalism with columns like Science Matters and Future Shock., Author of significant scientific books published by Mathrubhumi Books., Academic background in Physics and Communication & Journalism.