ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ; ഒറ്റരാത്രികൊണ്ട് ഹെലിപാഡ് നിർമിച്ച് മാതാ അമൃതാനന്ദമയി മഠം

കരുനാഗപ്പള്ളി: കടലിൽ മത്സ്യബന്ധനവള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലിനായി ഒറ്റരാത്രികൊണ്ട് ഹെലിപാഡ് നിർമിച്ച് മാതാ അമൃതാനന്ദമയി മഠം. അമൃതപുരി എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിലാണ് നാവികസേനയുടെ രക്ഷാപ്രവർത്തനത്തിന് സഹായമേകാൻ അടിയന്തരമായി ഹെലിപാഡ് നിർമിച്ചത്.
കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെയും കളക്ടറുടെയും അഭ്യർത്ഥനയെത്തുടർന്ന് മാതാ അമൃതാനന്ദമയിയുടെ നിർദേശപ്രകാരമാണ് ഹെലിപാഡ് നിർമാണം തുടങ്ങിയത്. ശനിയാഴ്ച രാത്രി വൈകിയാണ് ഇതിനായുള്ള നിർദേശം ലഭിച്ചത്. തുടർന്ന് മാതാ അമൃതാനന്ദമയി മഠത്തിലെയും അമൃത സർവകലാശാലയിലെയും ജീവനക്കാരും സന്നദ്ധപ്രവർത്തകരും രാത്രി മുഴുവൻ വിശ്രമമില്ലാതെ പ്രവർത്തിച്ചു.
പ്രാദേശിക കരാറുകാരിൽനിന്ന് ആവശ്യമായ സാധനങ്ങൾ ശേഖരിക്കാനും കൊരുപ്പുകട്ടകളും മറ്റ് സാമഗ്രികളും എത്തിക്കുന്നതിനുമായി ആശ്രമത്തിലെ വാഹനങ്ങൾ രാത്രി മുഴുവൻ ഓടുകയും ചെയ്തു. ഞായറാഴ്ച രാവിലെ പത്തുമണിയോടെ ഹെലിപാഡിന്റെ നിർമാണം പൂർത്തിയാക്കി നാവികസേനയ്ക്ക് കൈമാറി.
Content Highlights: Matha Amritanandamayi Math built an emergency helipad overnight at Amritapuri Engineering College ground., The helipad aids the Indian Navy's rescue operations for missing fisherman Gautham Krishna., Construction was initiated following requests from Union Minister Suresh Gopi and the District Collector., Math volunteers and university staff worked through the night to complete the helipad by Sunday morning.