‘എന്റെ അമ്മ എനിക്ക് ചുംബനം തരുന്നതുപോലെയാണ് കണ്ടത്’; വിവാദങ്ങളിൽ മറുപടിയുമായി സജി ചെറിയാൻ

മാതാ അമൃതാനന്ദമയി ഐക്യരാഷ്ട്രസഭയിൽ മലയാളത്തിൽ പ്രസംഗിച്ചതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സർക്കാരിന്റെ ആദരം കൈമാറാൻ മന്ത്രി സജി ചെറിയാൻ എത്തിയപ്പോൾ
മാതാ അമൃതാനന്ദമയി ഐക്യരാഷ്ട്രസഭയിൽ മലയാളത്തിൽ പ്രസംഗിച്ചതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സർക്കാരിന്റെ ആദരം കൈമാറാൻ മന്ത്രി സജി ചെറിയാൻ എത്തിയപ്പോൾ

കായംകുളം: മാതാ അമൃതാനന്ദമയിയെ ചുംബിച്ചതിന് പിന്നാലെ ഉയർന്നുവന്ന വിവാദങ്ങളിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അമ്മയെ ചുംബിച്ചതിൽ തെറ്റെന്തെന്ന് മന്ത്രി ചോദിച്ചു. അമൃതാനന്ദമയി ദൈവമാണെന്ന് പറഞ്ഞിട്ടില്ലെന്നും അതേസമയം ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണെന്നും അതാണ് സർക്കാർ ചെയ്തതെന്നും സജി ചെറിയാൻ വ്യക്തമാക്കി.

അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ. എനിക്കും തന്നു. എന്റെ അമ്മ എനിക്ക് ഉമ്മ തരുന്നതുപോലെയാണ് ഞാൻ അതിനെ കണ്ടത്. അതിനപ്പുറത്തേക്ക് ഒന്നും കണ്ടില്ല. ഞാൻ അമ്മയ്ക്ക് ഷാൾ ഇട്ടിട്ട് ഒരു ചുംബനം നൽകി. - സജി ചെറിയാൻ പറഞ്ഞു.

ദൈവമാണെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. ദൈവമാണോ അല്ലയോ എന്ന് എനിക്കറിയില്ല. ഞാൻ അവരെ ബഹുമാനിച്ചു. ആദരിച്ചു. - സജി ചെറിയാൻ കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ മാതാ അമൃതാനന്ദമയി ലോകത്തെ മലയാളത്തിൽ അഭിസംബോധന ചെയ്തതിന്റെ രജത ജൂബിലി ആഘോഷവേളയിലാണ് സംസ്ഥാന സർക്കാർ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാനാണ് മാതാ അമൃതാനന്ദമയിയെ ആദരിച്ചത്.

ലോകമാകെ സേവനത്തിന്റെയും സ്നേഹത്തിന്റെയും പ്രകാശം പരത്തുന്ന മാതാ അമൃതാനന്ദമയി കേരളത്തിലെ സംസ്കാരിക മൂല്യങ്ങളാണ് മാതൃഭാഷയിലൂടെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ശക്തി ലോകത്തിനുമുന്നിൽ തെളിയിക്കാൻ മാതാ അമൃതാനന്ദമയിക്ക്‌ കഴിഞ്ഞു. നമ്മുടെ ഭാഷയെ വിസ്മരിക്കുന്നവർക്കുള്ള സന്ദേശമാണ് ഇതെന്നും മന്ത്രി പറഞ്ഞു. ഈ പുരസ്കാരം മലയാളഭാഷയ്ക്കുതന്നെ സമർപ്പിക്കുന്നെന്നും മലയാളഭാഷയുടെ പ്രോത്സാഹനത്തിന് എല്ലാ മാതാപിതാക്കളും മക്കളെ പ്രചോദിപ്പിക്കണമെന്നും അമൃതാനന്ദമയി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Content Highlights: Kerala government honors Mata Amritanandamayi on the silver jubilee of her historic UN General Assembly speech delivered in Malayalam. Cultural Minister Saji Cheriyan attended the event.