കെ.എം. മാണിയുടെ ജന്മനാട്ടിൽ പാർട്ടി വീണു; യുഡിഎഫിന് ജയം, കേരളാ കോൺഗ്രസ് എം പ്രതിപക്ഷത്ത്

#ന്യൂസ് ഡെസ്ക്
ഗ്രേസിക്കുട്ടി, സബിന്‍ലാല്‍
ഗ്രേസിക്കുട്ടി, സബിന്‍ലാല്‍

മരങ്ങാട്ടുപിള്ളി (കോട്ടയം): കെ.എം. മാണിയുടെ ജന്മനാട്ടിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ  ചരിത്രത്തിലാദ്യമായി കേരള കോൺഗ്രസ് എം. പ്രതിപക്ഷത്ത്. യുഡിഎഫ് സ്വതന്ത്രയായി ജയിച്ച ഗ്രേസിക്കുട്ടി എബ്രഹാം നറുക്കെടുപ്പിലൂടെ പ്രസിഡന്റായി. വൈസ് പ്രസിഡന്റായി എൽഡിഎഫിലെ സബിൻലാൽ ബാബുവിനും നറുക്ക് വീണു.

ആറ് വീതം സീറ്റുകൾ നേടിയ ഇടത്, ഐക്യ മുന്നണികളും മൂന്ന് അംഗങ്ങളുള്ള ബിജെപിയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തി. പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫിൽനിന്ന് കേരള കോൺഗ്രസ് എം പ്രതിനിധിയായ ജാൻസി ടോജോയും ബിജെപി പ്രതിനിധിയായി മമതാ ഹരികുമാറും മത്സരിച്ചു.

ഇടത്-ഐക്യമുന്നണി സ്ഥാനാർഥികൾക്ക് ആറ് വീതം വോട്ട് കിട്ടിയപ്പോൾ നറുക്കെടുക്കുകയായിരുന്നു. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ റോബിൻ കരിപ്പാത്തും ബിജെപിയിലെ പി. പ്രസീദയും മത്സരിച്ചു. ആറുവീതം വോട്ട് ഇടത്, ഐക്യമുന്നണികൾക്ക് കിട്ടി. തുടർന്ന് സബിൻ നറുക്കിലൂടെ ജയിക്കുകയായിരുന്നു.

ആറാംവാർഡിൽ സ്വതന്ത്രനായിട്ടാണ് സബിൻലാൽ ബാബു മത്സരരംഗത്ത് എത്തുന്നത്. കേരള കോൺഗ്രസ് എമ്മിന്റെ പ്രമുഖ നേതാവും മുൻ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ ജോൺസൺ പുളിക്കീലിനെ മൂന്നാംസ്ഥാനത്ത് ആക്കിയാണ് സബിൻലാൽ ബാബു ജയിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് സബിൻലാൽ സിപിഎം അംഗത്വം എടുത്ത് എൽഡിഎഫിൽ എത്തുന്നത്. വരണാധികാരി ഷിജി മാത്യു നേതൃത്വം നൽകി.

Content Highlights: marangattupilly panchayat udf wins kerala congress m at opposition bench