നോവലിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് നിരാഹാരം; മാവോവാദി രൂപേഷ് ആശുപത്രിയിൽ, കനത്ത സുരക്ഷ

രൂപേഷ് (ഫയൽ ചിത്രം) | Photo: മാതൃഭൂമി
രൂപേഷ് (ഫയൽ ചിത്രം) | Photo: മാതൃഭൂമി

തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിരാഹാരം തുടർന്ന മാവോവാദി രൂപേഷിനെ ആരോഗ്യനില മോശമായതോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രൂപേഷ് എഴുതിയ നോവലിന് ജയിൽ വകുപ്പ് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതോടെയാണ് നിരാഹാരം തുടങ്ങിയത്. ചൊവ്വാഴ്ച നിരാഹാരം ആറു ദിവസമെത്തിയപ്പോഴാണ് ആരോഗ്യനില മോശമായതായി ജയിൽ ഡോക്ടർ അറിയിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് ആശുപത്രിയിൽ കഴിയുന്നത്.

രൂപേഷിന്റെ നോവൽ വിവാദം

മാവാവാദി കേസിൽപ്പെട്ട് പത്തുവർഷമായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രൂപേഷ് എഴുതിയ നോവലിന് ജയിൽ വകുപ്പ് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതാണ് വിവാദമായത്. ബന്ധിതരുടെ ഓർമക്കുറിപ്പുകൾ എന്നാണ് നോവലിന്റെ പേര്. നോവലിന്റെ പേരോ ഇതിവൃത്തമോ പുറത്തുവിടാൻ ജയിൽ വകുപ്പ് തയ്യാറായിട്ടില്ല. അന്തേവാസികളുടെ രചനകളും കത്തും പോലും ജയിൽ അധികൃതർ വായിച്ച ശേഷമേ പുറത്തുവിടാൻ അനുമതിയുള്ളൂ. ആ നിയമത്തിന്റെ പിൻബലത്തിലാണ് നോവലിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചത്.

‘കേരളത്തിൽ ജനിച്ച് മാവോവാദി ആശയങ്ങളോട് ആഭിമുഖ്യം പുലർത്തി കവിതാരംഗത്ത് തിളങ്ങി ഡൽഹിയിലേക്ക് ചേക്കേറി സാഹിത്യകാരുടെ സംഘടനയുടെ അമരക്കാരനായ കവിയുടെ ജീവിതം’ ആണ് പ്രമേയമെന്ന് പറയുന്നു. ഈ കവിയെ യുഎപിഎ കേസിൽപ്പെടുത്തി ജയിലിലടയ്ക്കുന്നതും അവിടെ കവി അനുഭവിക്കുന്ന നിയമ-മനുഷ്യാവകാശ ലംഘനങ്ങളും ചേർത്താണ് നോവൽ പൂർ‍ത്തീകരിച്ചിട്ടുള്ളത്.

ജയിൽ, യുഎപിഎ, തടവുകാർ എന്നിങ്ങനെ നോവലിൽ വന്നതോടെയാണ് ജയിൽ വകുപ്പ് അനുമതി നിഷേധിച്ചത്. അനുമതി തേടിയിട്ട് അഞ്ചുമാസം പിന്നിട്ടു. അനുമതിയില്ലെന്ന് വാക്കാലാണ് ജയിൽ വകുപ്പ് അറിയിച്ചത്.

അതിനിടെ ജസ്റ്റിസ് ഫോർ പ്രിസണേഴ്സ് എന്ന കൂട്ടായ്മ നോവൽ പ്രസിദ്ധീകരിക്കണം എന്ന ആവശ്യമുന്നയിച്ചുള്ള സാഹിത്യ-സാംസ്കാരിക പ്രമുഖരുടെ ഒപ്പുശേഖരണം നടത്തിയിരുന്നു. സാഹിത്യ അക്കാദമി പ്രസിഡന്റ് കവി കെ. സച്ചിദാനന്ദൻ ഉൾപ്പെടെയുള്ളവർ ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് നേരിട്ട് നൽകുകയുംചെയ്തു. പിന്നീട് ഇതേ ആവശ്യവുമായി തൃശ്ശൂരിൽ സാംസ്കാരിക കൂട്ടായ്മയും നടത്തി.

Content Highlights: Maoist Roopeshin Viyyur jail hunger strike protesting the denial of permission to publish his novel