മണലൂരിൽ ടി.എൻ. പ്രതാപനെ ചതിച്ചത് അപരനോ?

Photo: facebook.com/tnprathapanonline
Photo: facebook.com/tnprathapanonline

പാവറട്ടി: ഒടുക്കംവരെ സസ്പെൻസ് നിലനിന്ന മണലൂരിൽ ടി.എൻ. പ്രതാപൻ തോറ്റത് 126 വോട്ടിന്. വിജയിച്ചത് മുൻ മന്ത്രികൂടിയായ സി.പി.എമ്മിലെ സി. രവീന്ദ്രനാഥ്. പ്രഖ്യാപനം രാത്രി ഏഴരയോടെ.

ആദ്യ റൗണ്ടിൽ പ്രതാപൻ 191 വോട്ടിന് മുന്നിലെത്തി. രണ്ടാം റൗണ്ടിൽ രവീന്ദ്രനാഥിന് 469 ഭൂരിപക്ഷം. ഏഴാംറൗണ്ട് വരെ രവീന്ദ്രനാഥ് മുന്നിൽ. എട്ടാം റൗണ്ടിൽ 1,364 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പ്രതാപൻ മുന്നിലെത്തി. മണലൂർ,അരിമ്പൂർ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ തുടങ്ങിയതോടെ സ്ഥിതി മാറി.

700-ൽത്താഴെ ഭൂരിപക്ഷം ഉണ്ടായിരുന്ന പ്രതാപൻ പിന്നീട് പുറകോട്ടുപോയി രവീന്ദ്രനാഥ് മുന്നിലെത്തി. എന്നാൽ, അരിമ്പൂർ പഞ്ചായത്തിലെ ബൂത്തുകൾ എണ്ണിയതോടെ രവീന്ദ്രനാഥിന് ഭൂരിപക്ഷം നല്ലരീതിയിൽ കുറഞ്ഞു. ഭൂരിപക്ഷം പ്രഖ്യാപിക്കുന്നതിൽ അവ്യക്തതയായി. ഒടുവിൽ 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രവീന്ദ്രനാഥ് മുന്നിലെത്തിയപ്പോൾ ടി.എൻ. പ്രതാപൻ വൈകീട്ട് ആറരയോടെ കൗണ്ടിങ് സ്റ്റേഷനിലെത്തി റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി.

അഞ്ച് വി.വി.പാറ്റ് മെഷീനുകൾ വീണ്ടും എണ്ണി. അതിനുശേഷം സാങ്കേതികകാരണങ്ങളാൽ റദ്ദാക്കിയ ഇരുന്നൂറോളം തപാൽ വോട്ടുകൾ രണ്ടാമതും എണ്ണണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു. അവ പരിശോധിച്ചതിലും അപാകം കണ്ടെത്തിയില്ല. യഥാർഥത്തിൽ മണലൂരിൽ വില്ലന്മാരായത് രണ്ട് അപരന്മാരാണ്. സ്വതന്ത്രന്മാരായ കെ. രവീന്ദ്രനാഥ്, പ്രതാപൻ എന്നിവർ നേടിയ വോട്ടുകളാണ് നിർണായകമായത്. കെ. രവീന്ദ്രനാഥ് 234 വോട്ടും പ്രതാപൻ 182 വോട്ടും നേടി.

65,337 വോട്ടാണ് സി. രവീന്ദ്രനാഥിന്. 65,211 വോട്ട് ടി.എൻ. പ്രതാപനും നേടി. എൻ.ഡി.എ. സ്ഥാനാർഥി കെ.കെ. അനീഷ്‌കുമാർ 38,125 വോട്ടും നേടി.

മണലൂരിൽ നാടകാന്തം

തൃശ്ശൂർ: ഏറ്റവും ശ്രദ്ധേയ മത്സരമായിരുന്നു ഇത്തവണ മണലൂർ മണ്ഡലത്തിൽ. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ പ്രമുഖർ. നാടൊട്ടുക്കും ചർച്ചയായ മണ്ഡലം വിധിദിനത്തിലും ശ്രദ്ധ നേടി. ജില്ലയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി സി. രവീന്ദ്രനാഥ് ജയിച്ചത്-126. മുൻമന്ത്രിയും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായ സി. രവീന്ദ്രനാഥ് മണ്ഡലത്തിൽ പരിചിതനായിരുന്നില്ല.

എങ്കിലും ജയിച്ചുകയറിയതിന് കാരണം മന്ത്രിയായിരിക്കെ കാഴ്ചവെച്ച പ്രവർത്തനങ്ങളാണ്. മാത്രമല്ല, ലളിതജീവിതവും. തുടർച്ചയായി രണ്ടുതവണ സി.പി.എം. സ്ഥാനാർഥിയായിരുന്ന മുരളി പെരുനെല്ലി ജയിച്ച മണ്ഡലത്തിലെ ഈ ആയാസകരമായ ജയം ഒരു സീറ്റ് ഉറപ്പാക്കുന്നതിന് കാരണമായി എന്നു മാത്രമേ പറയാനാകൂ. മുരളിയെ മാറ്റിപ്പരീക്ഷിച്ചത് സി.പി.എമ്മിന് തെറ്റിയില്ലെന്ന് അഭിമാനിക്കാം. 2016-ൽ മുരളിയുടെ ഭൂരിപക്ഷം 19,325 വോട്ടും 2021-ൽ 29,876-ഉം ആയിരുന്നു. അവിടെനിന്നാണ് രവീന്ദ്രനാഥ് 126 വോട്ടിന് ജയിച്ചത്.

ജില്ലയിൽനിന്നുള്ള ഏക എഐസിസി സെക്രട്ടറിയാണ് എതിർസ്ഥാനാർഥി എന്ന പ്രത്യേകതയുമുണ്ടായിരുന്നു. മത്സരിച്ചയിടങ്ങളിലൊന്നും തോറ്റ ചരിത്രമില്ലാത്ത ടി.എൻ. പ്രതാപന്റെ ആദ്യ തോൽവിയാണിത്. കടുത്ത മത്സരം നടന്ന ഈ മണ്ഡലം സി.പി.എം. കുത്തക ഇടമാണെന്നറിഞ്ഞ് പ്രതാപൻ മത്സരിക്കാനായി സ്വയം തിരഞ്ഞെടുത്തതാണ്. കനത്ത മത്സരമാണ് നടന്നതെന്ന് തെളിയിക്കുന്നതാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം.

ഇവിടെ ജയിച്ച്, കോൺഗ്രസ് അധികാരത്തിൽ വന്നാൽ മന്ത്രിസ്ഥാനം ഉറപ്പായിരുന്നു പ്രതാപന്. പ്രചാരണത്തിന് ആദ്യമേ തുടക്കമിട്ടത് പ്രതാപനായിരുന്നു. പ്രതാപനും ഇത് പരിചിത മണ്ഡലമായിരുന്നില്ല. എങ്കിലും ഇഞ്ചോടിഞ്ച് വോട്ട് പിടിച്ചതിൽ അഭിമാനിക്കാം.

ശക്തനായ നേതാവിനെയാണ് ബി.ജെ.പി.യും രംഗത്തിറക്കിയത്. തൃശ്ശൂരിൽ ബി.ജെ.പി.ക്ക് വലിയ ലേബലും എം.പി.സ്ഥാനവും നേടിക്കൊടുത്തതുവഴി ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുയർന്ന കെ.കെ അനീഷ്‌കുമാറായിരുന്നു സ്ഥാനാർഥി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.െജ.പി. മണ്ഡലത്തിൽ നേടിയ ഉയർന്ന വോട്ടുവിഹിതവും തദ്ദേശതിരഞ്ഞെടുപ്പിലെ മേൽക്കോയ്മയും ഈ തിരഞ്ഞെടുപ്പിൽ അതേപടി നിലനിർത്താനായില്ലെങ്കിലും വോട്ടുവിഹിതത്തിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ നേട്ടമുണ്ടാക്കി. 2021-ൽ 36,566 നേടിയ സ്ഥലത്ത് ഇത്തവണ 38,125 വോട്ട് നേടി.

Content Highlights: C. Ravindranath (LDF) won the Manalur seat by a narrow margin of 126 votes., T.N. Prathapan (Congress) suffered his first-ever electoral defeat., Dummy candidates (independents with similar names) played a significant role in the vote distribution., The result followed a high-stakes counting process involving re-verification of VVPAT machines., NDA candidate K.K. Aneesh Kumar secured 38,125 votes, showing a slight increase in vote share.