വാച്ചര്‍മാരുടെ കണ്ണുവെട്ടിച്ചെത്തി,സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ കുടുങ്ങി; രക്ഷപ്പെടുത്തി |Video

പാലക്കാട്: കൊല്ലങ്കോടിന് സമീപം സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ ആളെ ഫയർ ഫോഴ്സ് രക്ഷിച്ചു. പാലക്കാട് വണ്ടിത്താവളം സ്വദേശി രമേശാണ് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയത്. വാച്ചര്‍മാരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ വെള്ളച്ചാട്ടത്തിലേക്ക് പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സുരക്ഷിതമായ സ്ഥലത്ത് കാട്ടുവള്ളികളില്‍ പിടിച്ച് നിന്നതിനാൽ ഇയാള്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല.
കൊല്ലങ്കോട് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വടംകെട്ടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വെള്ളച്ചാട്ടത്തിന് കുറുകെ വടംകെട്ടി ഫയര്‍ഫോഴ്‌സ് സംഘം ഇയാള്‍ക്കരികിലെത്തി.
വലിയ വെള്ളച്ചാട്ടമായതിനാല്‍ മഴക്കാലത്ത് ഇവിടെ വെള്ളം കുത്തിയൊലിച്ചാണ് വരുന്നത്. അതിനാല്‍ തന്നെ വലിയ മുന്‍കരുതലെടുത്തുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. കുടുങ്ങിക്കിടക്കുന്നയാള്‍ സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ഫയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു.
നാലുപേരടങ്ങുന്ന സംഘമാണ് സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിലേക്ക് പോയത്. രണ്ട് വാച്ചര്‍മാരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരുടെ കണ്ണുവെട്ടിച്ചാണ് സംഘം വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോയത്. പെട്ടെന്ന് വെള്ളം കുത്തിയൊലിച്ചുവന്നപ്പോള്‍ മൂന്നുപേര്‍ സുരക്ഷിതമായി കരയ്ക്കുകയറി. എന്നാല്‍ രമേശ് വെള്ളച്ചാട്ടത്തില്‍ പെട്ടുപോകുകയായിരുന്നു. പാലക്കാട് സ്വദേശികള്‍ തന്നെയാണ് ഇവര്‍ എല്ലാവരും.