മതങ്ങളെ അതിന്റെ വഴിക്കുവിടുക, നാം പരസ്പരം വിശ്വസിക്കുക-മമ്മൂട്ടി

കൊച്ചി: മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതു തന്നെയാണ് ഏറ്റവും വലിയ കാര്യമെന്ന് നടൻ മമ്മൂട്ടി. ‘‘മതങ്ങളെ അതിന്റെ വഴിക്കുവിടുക. നമ്മൾ മനുഷ്യരെ വിശ്വസിക്കുക. മതങ്ങളിൽ വിശ്വസിച്ചോട്ടെ, പക്ഷേ, പരസ്പരം വിശ്വസിക്കണം, പരസ്പരം നമ്മൾ കാണേണ്ടവരാണ്, പരസ്പരം ഒന്നിച്ചു ജീവിക്കേണ്ടവരാണ്. ഒരേ വായു ശ്വസിച്ച്, ഒരേ സൂര്യവെളിച്ചത്തിൽ ജീവിക്കുന്നവരാണ് നാം’’ - സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മമ്മൂട്ടി പറഞ്ഞു. ‘‘സൂര്യനും മഴയ്ക്കും വെള്ളത്തിനും ഒന്നും മതമില്ല, ജാതിയും ലോകങ്ങളുമില്ല. പക്ഷേ, എന്നാലും നമ്മൾ ഇതിലെല്ലാം ഒരുപാട് വേർതിരിവുകൾ കണ്ടെത്താൻ ശ്രമിക്കുന്നു. വേർതിരിവുകൾ കണ്ടെത്താൻ ശ്രമിക്കുന്നത് സ്വാർഥലാഭത്തിനു വേണ്ടിത്തന്നെയാണ് എന്നാണെന്റെ വിശ്വാസം. ലോകമുണ്ടായ കാലം മുതൽ, പരസ്പരം നമ്മൾ പറയുന്നത്, സ്നേഹത്തെ പറ്റിയാണ്. നമ്മുടെ സ്നേഹം ഉണ്ടാകുന്നതുതന്നെ, മനുഷ്യന്റെ ഉള്ളിൽത്തന്നെയുള്ള നമ്മുടെ ശത്രുവിനെ തിരിച്ചറിയുമ്പോഴാണ്’’ - മമ്മൂട്ടി പറഞ്ഞു. ചടങ്ങിൽ മമ്മൂട്ടിക്ക് അഭിനയസൂര്യൻ - നവരസ ആദരവ് എന്ന സ്നേഹാദരം നൽകി.
സാംസ്കാരിക വകുപ്പ് സെക്രട്ടറി ദിവ്യ എസ്. അയ്യർ, വ്യവസായ മന്ത്രി പി. രാജീവ്, എംഎൽഎമാരായ കെ.ജെ. മാക്സി, പി.വി. ശ്രീനിജിൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, മുൻ മേയർ എം. അനിൽകുമാർ, കേരള ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളീ ചീരോത്ത്, സംഗീതജ്ഞൻ ടി.എം. കൃഷ്ണ, ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ബുക്മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, നാടക പ്രവർത്തകൻ സുധാംശു ദേശ്പാണ്ഡെ, ഗണേശ് എം. ദേവി, രത്ന പഥക് ഷാ, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Content Highlights: Mammootty`s powerful message at Indian Cultural Congress: `Trust fellow humans, let religions be. We breathe the same air under the same sun.` Learn more.