സമ്മാനത്തുക 32 കോടിയിലേറെ; മലയാളി യുവതിക്ക് കാനഡയിൽ ലോട്ടറി ഭാഗ്യം

#സ്വന്തം ലേഖകൻ
സ്നേഹാ ജോയ്
സ്നേഹാ ജോയ്

കൊച്ചി: മലയാളി യുവതിക്ക് കാനഡയിൽ ലോട്ടറിയടിച്ചു. എഡ്മിന്റണിൽ എഞ്ചിനീയറായ എറണാകുളം വേങ്ങൂർ സ്വദേശിനി സ്‌നേഹാ ജോയിയെയാണ് ഭാഗ്യം തേടിയെത്തിയത്. ഒക്ടോബർ 21-ന് നടന്ന ലോട്ടോ 6/49 ക്ലാസിക് നറുക്കെടുപ്പിൽ വിജയിയായ സ്‌നേഹയ്ക്ക് 50 ലക്ഷം കനേഡിയൻ ഡോളറാണ് സമ്മാനമായി ലഭിക്കുക. 32 കോടിയിലേറെ ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ് ഇത്.

 ഒക്ടോബറിൽ നറുക്കെടുപ്പ് കഴിഞ്ഞെങ്കിലും വെരിഫിക്കേഷൻ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ചയാണ് വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷൻ അധികൃതർ ലോട്ടറിയടിച്ച വിവരം സ്‌നേഹയെ ഔദ്യോഗികമായി അറിയിച്ചതും ഓഫീസിൽ വെച്ച് ഇതിന്റെ സർട്ടിഫിക്കറ്റ് കൈമാറിയതും.

കോൺഗ്രസ് പ്രാദേശിക നേതാവായ കൈപ്പിള്ളി പടിക്കക്കുടി വീട്ടിൽ പി.പി. ജോയിയുടെയും ജോളി ജോയിയുടെയും ഏകമകളാണ് സ്‌നേഹ. ഭർത്താവ് നിലമ്പൂർ സ്വദേശിയായ വിജിൽ വർഗീസ്. ഇരുവരും അഞ്ച് വർഷമായി കാനഡയിലെ എഡ്മന്റണിലാണ്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വേങ്ങൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട് സ്‌നേഹ.

മകളെ ഭാഗ്യം തേടിയെത്തിയതറിഞ്ഞ് വലിയ സന്തോഷം തോന്നിയെന്ന് സ്‌നേഹയുടെ പിതാവ് ജോയി മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. ദൈവത്തിനോട് നന്ദി പറയുന്നുവെന്നും പ്രാർഥനയുടെ പ്രതിഫലമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമ്മാനത്തുക കൊണ്ട് കാനഡയിലെ വീടിന്റെ വായ്പ്പ പൂർണമായി അടച്ചുതീർക്കുമെന്നാണ് സ്‌നേഹ പറഞ്ഞത്. കൂടാതെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാനും കുടുംബവുമായി തുക പങ്കുവെക്കാനും പദ്ധതിയുണ്ട്. അടുത്തവർഷം നാട്ടിൽ വരാനിരിക്കെയാണ് സ്‌നേഹയെ തേടി ഭാഗ്യം എത്തിയത്.

Content Highlights: Sneha Joy, an engineer from Ernakulam's Vengoor living in Edmonton, won 5 million Canadian dollars (over Rs 32 crore) in Canada's Lotto 6/49 Classic draw and plans to pay off her home loan and travel with family.