'തലച്ചോറ് ചിന്തിക്കുന്നതെങ്ങനെ?'; ന്യൂറോസയന്‍സിലെ സിദ്ധാന്തം മാറ്റിയെഴുതി മലയാളി

തൃശ്ശൂർ: അമ്പതുവർഷമായി ന്യൂറോസയൻസ് മേഖല പിന്തുടർന്നിരുന്ന സിദ്ധാന്തം മാറ്റിയെഴുതി മലയാളി യുവശാസ്ത്രജ്ഞൻ. ശബ്ദത്തെയും കാഴ്ചയെയും വിശകലനംചെയ്ത് അതിന്റെ തുടർച്ചയായി ഉണ്ടാകുന്ന ഫലം തലച്ചോറ് എങ്ങനെ പ്രവചിക്കുന്നുവെന്നതുസംബന്ധിച്ചാണ് തൃശ്ശൂർ പൂങ്കുന്നം സ്വദേശിയായ വിജയ് മോഹൻ കെ. നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടുപിടിത്തം.
മനുഷ്യനുൾപ്പെടെയുള്ള ജീവികളുടെ ചിന്തയുമായി ബന്ധപ്പെട്ട ഈ കണ്ടുപിടിത്തം നിർമിതബുദ്ധിരംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നു കരുതുന്നു. ഇതുസംബന്ധിച്ച പ്രബന്ധം സയൻസ് മാസികയിൽ പ്രസിദ്ധീകരിച്ചു.
1970-കളിൽ രൂപപ്പെട്ട ട്രയൽ ആൻഡ് എറർ തിയറിയാണ് തലച്ചോറിന്റെ ആശയവിനിമയമേഖലയിൽ ഇതുവരെ പിന്തുടർന്നിരുന്നത്. ഓരോ ശബ്ദത്തെയും കാഴ്ചയെയും വിശകലനംചെയ്ത് അതിന്റെ ഫലത്തിലേക്ക് എത്തുകയാണ് തലച്ചോർ ചെയ്യുന്നതെന്നാണ് ഈ സിദ്ധാന്തം പറയുന്നത്.
ഇതിനു നേർവിപരീതമാണ് പുതിയ കണ്ടെത്തൽ. അപ്രതീക്ഷിതമായി ചിലതുസംഭവിക്കുമ്പോൾ അതിന്റെ പിന്നാമ്പുറം തേടിക്കൊണ്ടാണ് അതിന്റെ കാരണങ്ങളിലേക്ക് എത്തുന്നതെന്ന് ഈ പഠനം പറയുന്നു.
നിർമിതബുദ്ധിമേഖലയുടെ കണ്ണിലൂടെ നോക്കുമ്പോൾ ഇവ രണ്ടിന്റെയും അൽഗോരിതങ്ങൾ തമ്മിൽ വലിയവ്യത്യാസമുണ്ട്. മനുഷ്യരുടെ തലച്ചോറുപോലെ പ്രവർത്തിക്കുന്നു എന്നവകാശപ്പെടുന്ന ചില നിർമിതബുദ്ധിസംവിധാനങ്ങൾ പഴയസിദ്ധാന്തമനുസരിച്ചാണ് രൂപപ്പെടുത്തിയത്.
പുതിയരീതിയിലേക്കുമാറുമ്പോൾ ഇതിന്റെ അൽഗോരിതം മുഴുവൻ മാറ്റിയെഴുതേണ്ടിവരും. ഇതോടെ നിർമിതബുദ്ധിക്ക് കൂടുതൽ കൃത്യത കൈവരാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ മുന്നിൽക്കാണുന്നു.
ഡോപമിൻ പരീക്ഷണം
തലച്ചോറിലെ ആശയവിനിമയത്തിന് സഹായിക്കുന്ന അമിനോ രാസവസ്തുവാണ് ഡോപമിൻ. 1997-ൽ പുറത്തുവന്ന പഠനം ഡോപമിൻ അളവിനെ അടിസ്ഥാനപ്പെടുത്തി പഴയസിദ്ധാന്തത്തെ ശരിവെച്ചിരുന്നു. പുതിയസിദ്ധാന്തമനുസരിച്ച് ഗുണപരമായോ ദോഷകരമായോ ഉള്ള ഫലമുണ്ടാക്കാൻ കാരണമായ സംഭവങ്ങളെ ഉയർത്തിക്കാട്ടുക മാത്രമാണ് ഡോപമിൻ ചെയ്യുന്നത്.
പഠനം ‘നാം’ ലാബിൽ
അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിൽ രൂപവത്കരിച്ച ‘നാം’ (Nam) ലാബിലാണ് പുതിയ കണ്ടെത്തൽ പിറന്നത്. ദക്ഷിണകൊറിയ സ്വദേശി ഹീ ജോങ് ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് ഗവേഷണം പൂർത്തിയാക്കിയത്.
മുംബൈ ഐ.ഐ.ടി.യിൽ പഠിച്ച വിജയ് മോഹൻ, സെൻട്രൽ എക്സൈസ് മുൻസൂപ്രണ്ടായ കൊളങ്ങരക്കരാട്ടില്ലത്ത് കേശവൻ നമ്പൂതിരിയുടെയും കേരളവർമകോളേജിലെ മുൻ ഫിസിക്സ് പ്രൊഫസർ പി.ബി. ശ്രീദേവിയുടെയും മകനാണ്. ഭാര്യ: ഡോ. ദേവിക. മകൾ: ജിയ.
Content Highlights: Malayali young scientist rewrote theory that followed by the field of neuroscience for 50 years