മലപ്പുറത്ത് നിയന്ത്രണംവിട്ട ടിപ്പര്‍ലോറി സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറി രണ്ടുമരണം

മലപ്പുറം: വാഴക്കാട് മുണ്ടുമുഴിയില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. ഓട്ടുപാറ കുറുമ്പാടിക്കോട്ട് അഷറഫ്, സഹോദരന്റെ മകന്‍ നിയാസ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറി ആദ്യം എതിര്‍ദിശയില്‍വന്ന കാറിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ചെന്നിടിച്ചു. സ്‌കൂട്ടറിന് സമീപംനിന്ന് സംസാരിക്കുകയായിരുന്നു അഷറഫും നിയാസും. ഇരുവരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ടിപ്പറിടിച്ച കാറിലുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിപ്പറിന്റെ ഇടിയേറ്റ കാര്‍ സമീപത്തുണ്ടായിരുന്ന ഓട്ടോയിലിടിക്കുകയും ഓട്ടോ വയലിലേക്ക് മറിയുകയും ചെയ്തു. കാറിലിടിച്ച ശേഷം ടിപ്പര്‍ തൊട്ടടുത്തുണ്ടായിരുന്ന കടകള്‍ക്കുമുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നോളം വാഹനങ്ങളിലും ഇടിച്ചു.
Content Highlights: Tipper Accident in Malappuram Kills two