രോഗിയെ ബിൽ അടയ്ക്കുന്നതുവരെ തടഞ്ഞുവെച്ചു: ഇൻഷുറൻസ് കമ്പനിയും ആശുപത്രിയും നഷ്ടപരിഹാരം നൽകണം

പ്രതീകാത്മക ചിത്രം | AI Generated Image | Courtesy: Google Gemini
പ്രതീകാത്മക ചിത്രം | AI Generated Image | Courtesy: Google Gemini

മലപ്പുറം: ഡിസ്ചാർജ് ചെയ്ത രോഗിയെ ബില്ല് അടയ്ക്കുന്നതുവരെ ആശുപത്രിയിൽ തടഞ്ഞുവെക്കാനാവില്ലെന്നും സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ രോഗിക്കു നഷ്ടപരിഹാരം നൽകണമെന്നും ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു. ചുങ്കത്തറ സ്വദേശി നൽകിയ പരാതിയിലാണ് കമ്മിഷന്റെ നടപടി.

പരാതിക്കാരന്റെയും കുടുംബത്തിന്റെയും പേരിൽ 2015 മുതൽ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നതാണ്. 2024 സെപ്റ്റംബർ 18-ന് പരാതിക്കാരന്റെ മകനു ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. 2024 സെപ്റ്റംബർ 19-ന് ഡിസ്ചാർജ് ആയി. ചികിത്സയിലേക്ക് അഡ്വാൻസായി 11,000 രൂപ ഇൻഷുറൻസ് അനുവദിച്ചെങ്കിലും ഡിസ്ചാർജ് ബിൽ 66,500 രൂപയ്ക്ക് പകരം 41,800 രൂപ മാത്രമാണ് ഇൻഷുറൻസ് തുക അനുവദിച്ചത്. കൂടുതൽ തുക അനുവദിക്കാൻ കഴിയില്ലെന്ന് ഇൻഷുറൻസ് കമ്പനി അറിയിച്ചു. തുടർന്ന് ബന്ധുക്കളിൽനിന്ന് കടം വാങ്ങി ബില്ല് പൂർണമായും അടച്ചശേഷം വൈകീട്ടാണ് ആശുപത്രി വിട്ടുപോകാൻ കഴിഞ്ഞത്. പിന്നീട് അഞ്ചുദിവസം കഴിഞ്ഞ് 23,905 രൂപ കൂടി ഇൻഷുറൻസ് കമ്പനി അനുവദിച്ചു.

കമ്പനിയുടെ ഭാഗത്തും ആശുപത്രിയുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് കമ്മിഷൻ കണ്ടെത്തി. 45 ദിവസത്തിനകം വിധി നടപ്പാക്കാത്തപക്ഷം വിധി സംഖ്യക്ക് ഒൻപതു ശതമാനം പലിശയും നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ വിധിച്ചു.

Content Highlights: Consumer Commission Rules Against Hospital and Insurer for Patient Detention