'നെക്‌സ്‌റ്റ് ജെൻ മലപ്പുറം, ഷീ ബസ്, അർബുദ ആശുപത്രി'; വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്

#News Desk
മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ് അവതരിപ്പിച്ച വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജിയെ പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അഭിനന്ദിക്കുന്നു
മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ് അവതരിപ്പിച്ച വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജിയെ പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അഭിനന്ദിക്കുന്നു

മലപ്പുറം: ജനക്ഷേമവും അടിസ്ഥാന വികസനവും ആരോഗ്യക്ഷമതയും ഉറപ്പുവരുത്തി ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള 202.45 കോടി രൂപ വരവും 192.64 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി അവതരിപ്പിച്ചത്. പുതിയ ഭരണസമിതിയുടെ ആദ്യബജറ്റിൽ സാമൂഹ്യക്ഷേമം, ആരോഗ്യരംഗം, വിദ്യാഭ്യാസം, കാർഷികം, വ്യവസായം, കുടിവെള്ളം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകൾ ഇടംപിടിച്ചു.

ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ അർബുദ ആശുപത്രി സ്ഥാപിക്കും. കിഡ്നി വെൽഫയർ സൊസൈറ്റിയുടെ പ്രവർത്തനം പുനരാരംഭിക്കും. വനിതകൾക്ക് സൗജന്യയാത്രയ്ക്ക് ഷീ ബസ്, അന്താരാഷ്ട്ര സ്പോർട്സ് സിറ്റി, മണ്ണ് ജലം പരിശോധനാ ലാബുകൾ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് വീടും സ്ഥലവും, വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ, ആശാ വർക്കർമാർക്ക് അധിക വേതനം, സ്മാർട്ട് മലപ്പുറം പദ്ധതി തുടങ്ങിയവയും ബജറ്റിൽ പരിഗണിച്ചു. സ്ത്രീശാക്തീകരണ പദ്ധതികളും സ്വയംതൊഴിൽ പദ്ധതികളും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും പ്രത്യേക ക്ഷേമപദ്ധതികളും ബജറ്റിൽ ഇടംപിടിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷനായി. ഷാഹിന നിയാസി, പി.കെ. അസ്ലു, ആലിപ്പറ്റ ജമീല, കെ.ടി. അജ്മൽ, വെട്ടം ആലിക്കോയ, കെ.ടി. അഷ്റഫ്, എൻ.എ. കരീം, സെക്രട്ടറി പി.എം. രാജീവ്, ഫിനാൻസ് ഓഫീസർ എം.മുഹമ്മദ് ബഷീർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

അർബുദ ചികിത്സയ്ക്ക് ആശുപത്രി

ജില്ലയിൽ അർബുദ ചികിത്സയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള ആശുപത്രി സ്ഥാപിക്കും. രണ്ട് കോടി രൂപ ഇതിനായി വകയിരുത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വർഷം തന്നെ പണി തുടങ്ങും. അർബുദ രോഗമുള്ളവർ മറ്റു ജില്ലകളെ ആശ്രയിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തികച്ചെലവ് കുറയ്ക്കാനാകും. അർബുദ ചികിത്സാ മേഖലയിലെ എല്ലാ സേവനങ്ങളുമുണ്ടാകും.

എൽ.ഡി.എഫ്. സർക്കാർ നിർത്തലാക്കിയ ജില്ലാ പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ കിഡ്നി വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തനം പുനരാരംഭിക്കും. പുതിയ ഭരണസമിതിയുടെ ആദ്യ ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായിരുന്നു. രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനായി പഞ്ചായത്തുകൾക്ക് വിഹിതം നൽകാൻ രണ്ട് കോടി രൂപയും സൗജന്യമായി മരുന്ന് നൽകാൻ ഒരു കോടി രൂപയും അനുവദിച്ചു.

വനിതകൾക്ക് സൗജന്യയാത്ര

വനിതകൾക്ക് സൗജന്യ യാത്രാപദ്ധതിയൊരുക്കാൻ ഷീ ബസ് പദ്ധതിയുണ്ടാക്കും. കെ.എസ്.ആർ.ടി.സി. ബസ് വാടകയ്ക്ക് എടുത്താണിത് നടപ്പാക്കുക. വനിതകൾക്ക് ടിക്കറ്റ് സൗജന്യമായിരിക്കും. പ്രാഥമിക ഘട്ടത്തിൽ 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.

'നെക്സ്റ്റ് ജെൻ' മലപ്പുറം

നെക്സ്റ്റ് ജെൻ പദ്ധതിയിലൂടെ ജില്ലയിലെ യുവാക്കൾക്ക് തൊഴിൽ സാധ്യതകളൊരുക്കും. സ്വദേശത്തും വിദേശത്തുമുള്ള തൊഴിൽ അവസരമാണുണ്ടാകുക. 'യൂത്ത് സ്‌കിൽ ലോഞ്ച്' എന്ന പേരിൽ എല്ലാ ഡിവിഷനുകളിലും ഐ.ടി, കോഡിങ്, ഡിജിറ്റൽ മാർക്കറ്റിങ്, റോബോട്ടിക്സ് മേഖലകളിൽ പഠന കേന്ദ്രങ്ങളുമൊരുക്കും.

സാങ്കേതികവിദ്യ ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് പകർന്നുനൽകാൻ പദ്ധതിയുമൊരുക്കും. ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിൽ വി.ആർ. ലാബുകളൊരുക്കും.

അന്താരാഷ്ട്ര സ്‌പോർട്സ് സിറ്റി

കായികമേഖലയ്ക്ക് കരുത്തായി സ്‌പോർട്സ് സിറ്റി സ്ഥാപിക്കും. അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാക്കാവുന്ന മൈതാനവും സിന്തറ്റിക് ട്രാക്കും ഉൾപ്പടെ സൗകര്യങ്ങളുണ്ടാകും. 15 ഏക്കറിലാകുമിത്.

വിദ്യാർഥികൾക്ക് കായികമേഖലയിൽ പരിശീലനം നൽകുന്ന അന്താരാഷ്ട്ര അക്കാദമിയും ഇതോടൊപ്പം പ്രവർത്തനം തുടങ്ങും. ഭിന്നശേഷിക്കാർക്ക് മാത്രമായി ലോകോത്തര കായിക കേന്ദ്രമുണ്ടാക്കും. 33 ഡിവിഷനുകളിലും ഫുട്ബോൾ മൈതാനങ്ങളുണ്ടാക്കും.

ഓൺ വീൽസ്

ഭിന്നശേഷിക്കാരുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണാൻ ആക്സസ് ഓൺ വീൽസ് പദ്ധതിയുണ്ടാക്കും. ഭിന്നശേഷിക്കാർക്ക് പ്രത്യേക വാഹന സൗകര്യം പദ്ധതിയിലൂടെ ഒരുക്കും. ചക്രക്കസേരയിൽനിന്ന് മാറാതെ ഹൈഡ്രോളിക് ലിഫ്റ്റിന്റെ സഹായത്തോടെ വാഹനത്തിലേക്ക് കയറാവുന്ന ടൂറിസ്റ്റ് വാഹന സൗകര്യമാണ് ഉണ്ടാവുക.

പരിസ്ഥിതി സുസ്ഥിരത

പരിസ്ഥിതി സുസ്ഥിരത കൈവരിക്കാൻ കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കും. മാലിന്യസംസ്‌കരണം, മണ്ണ് സംരക്ഷണം, ദുരന്തനിവാരണം, ഭാവിതലമുറയ്ക്ക് സുരക്ഷിത പരിസ്ഥിതി ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്‌കൂൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളെ സോളാർ എനർജിയിലേക്ക് മാറ്റും. ഇ-മാലിന്യങ്ങളുടെ സംസ്‌കരണത്തിന് കേന്ദ്രം സ്ഥാപിക്കും. മൂന്ന് കോടി രൂപ പദ്ധതിക്കായി വകയിരുത്തി.

Content Highlights: A ₹202.45 crore budget focusing on public welfare, health, and infrastructure., Establishment of a new Cancer Hospital and relaunch of the Kidney Welfare Society., Introduction of 'She Bus' scheme to provide free travel for women., 'Next Gen Malappuram' project for youth skill development and employment., Plans for an International Sports City and a 'Carbon Neutral' environmental project.