തീവണ്ടിയിൽനിന്നിറങ്ങി തിരുവാതിരക്കളിയിലേക്ക്; വനിതാ ടിക്കറ്റ് പരിശോധകരുടെ ഓണാഘോഷം

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരുവാതിരക്കൊരുങ്ങിയ വനിതാ ടിക്കറ്റ് പരിശോധകര്‍
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരുവാതിരക്കൊരുങ്ങിയ വനിതാ ടിക്കറ്റ് പരിശോധകര്‍

പയ്യന്നൂർ: മലബാർ എക്സ്പ്രസിലെ ടിക്കറ്റ് പരിശോധക പി.വി. വീണ ഡ്യൂട്ടി വേഷം അഴിച്ചുവെച്ച് നേരെ ചെന്നത് തിരുവാതിരക്കളിക്ക്. കണ്ണൂർ സ്ലീപ്പർ ഡിപ്പോയിലെ ആറു വനിതാ പരിശോധകരും അപ്പോഴേക്ക് റെഡിയായി. തീവണ്ടിത്തിരക്കിലെ വിശ്രമദിവസങ്ങളിൽ പരിശീലിച്ചാണ് ഏഴ് വനിതാ ടിക്കറ്റ് പരിശോധകർ വെള്ളിയാഴ്ച ഓണാഘോഷം കളറാക്കിയത്.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ കഴിഞ്ഞദിവസം ഭരതനാട്യം അവതരിപ്പിച്ച കുഞ്ഞിമംഗലത്തെ പി.വി. വീണയാണ് ഇവരിൽ നൃത്തം പഠിച്ചത്. അങ്കമാലിയിലെ പി.വി. സ്മിത, തലശ്ശേരിയിലെ വി. പ്രശാന്തി, പാലക്കാട്ടെ ആർ. നിഷ, കോഴിക്കോട്ടെ കെ.എം. അജിഷ, മഞ്ചേരിയിലെ തേജശ്രീ, കോഴിക്കോട്ടെ ജനു രാജ് എന്നിവരാണ് കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ തിരുവാതിര അവതരിപ്പിച്ചത്. അടിപൊളി കൈയടിയും നേടി. ഇനി തിരുവാതിര വേഷം അഴിച്ചുവെച്ച് ടിക്കറ്റ് പരിശോധക വേഷത്തിൽ ഇവർ തീവണ്ടിയിൽ തിരിച്ചുകയറും.