കൈമയ്ക്ക് പൊള്ളുന്ന വില; ബിരിയാണിപ്രിയർക്ക് ഇരുട്ടടി

#മിഥുൻ ഭാസ്‌കർ
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

മലപ്പുറം: ബിരിയാണിക്ക്‌ രുചിയും മണവും കൂട്ടുന്ന കൈമ അരിക്ക് തീപിടിച്ച വില. ഒരുകിലോ ലൂസ് കൈമയ്ക്ക് 195-200 വരെയും പായ്ക്കറ്റിന് 215-ന് മുകളിലുമാണ് വില. ഏതാനും മാസംകൊണ്ടാണ് വില ഇരട്ടിയിലധികമായത്. ഗുണനിലവാരവും ബ്രാൻഡും അനുസരിച്ച് വിലയിൽ വ്യത്യാസംവരും. ഏതാനും മാസം മുൻപ് വില 100 രൂപയ്ക്കു താഴെയായിരുന്നു.

കേരളത്തിൽ ഒരുവർഷം ഏകദേശം 1.75 ലക്ഷം ടൺ കൈമ അരി ഉപയോഗിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. അതനുസരിച്ച് ഏതാണ്ട് 3500 കോടി രൂപയോളം വരുന്നതാണ് കൈമ വിപണി. മലബാർ ബിരിയാണി പാചകംചെയ്യാൻ കൈമ കൂടിയേ തീരൂ. വലുപ്പംകുറഞ്ഞ അരിമണികളും എളുപ്പം വേവുമെന്നതും കൈമയെ വേറിട്ടതാക്കുന്നു.

പ്രത്യേക രുചിയും മണവും കൂടിയാകുമ്പോൾ ബിരിയാണി കേമമാകും. കല്യാണസദ്യകൾക്കും മറ്റു ആഘോഷങ്ങൾക്കും ബിരിയാണിക്ക് കൈമ കൂടിയേ തീരൂ.

കൈമയുടെ വിലക്കയറ്റംമൂലം നട്ടംതിരിയുകയാണ് കാറ്ററിങ് മേഖലയിലുള്ളവർ. കൈമ അരിയുടെ പ്രധാന കേന്ദ്രം പശ്ചിമബംഗാളിലെ ബർദ്വാൻ മേഖലയാണ്. അവിടത്തെ ഉത്പാദനത്തിലെ കുറവ്, കാലാവസ്ഥാവ്യതിയാനം തുടങ്ങിയവയാണ് വിലവർധനയ്ക്കു കാരണം.

കാസർകോട് മുതൽ മലപ്പുറം വരെയുള്ള പ്രദേശങ്ങളിലാണ് കൈമയ്ക്ക് പ്രിയം കൂടുതൽ. പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലും കാര്യമായി ഇവ ഉപയോഗിക്കുന്നുണ്ട്. എറണാകുളത്തിനു തെക്കോട്ട് ബസ്‌മതി അരിയാണ് ബിരിയാണിക്ക് കൂടുതലായും ഉപയോഗിക്കുന്നത്.

വിലക്കയറ്റം പ്രതിസന്ധിയിലാക്കി

കൈമയുടെ വിലക്കയറ്റം മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് മലബാർ മേഖലയിലെ മൊത്തവിതരണക്കാരിലൊരാളായ അൽമനാർ എന്റെർപ്രൈസസ് ഉടമ മനാഫ് ആനപ്പടിക്കൽ പറഞ്ഞു. കഴിഞ്ഞ 11 മാസമായി പുതിയ സ്റ്റോക്ക് എടുത്തിട്ടില്ല. രണ്ടുവർഷം പഴക്കമുള്ള അരിക്കാണ് രുചി കൂടുതൽ.

നഷ്ടം സഹിച്ച് ബിരിയാണി വിൽപ്പന

താങ്ങാനാകാത്തവിധത്തിലാണ് കൈമയുടെ വില കൂടിയത്. അതിനനുസരിച്ച് ബിരിയാണിക്ക്‌ വില കൂട്ടുക എളുപ്പമല്ല. നിലവാരം നഷ്ടപ്പെടാതിരിക്കാൻ നഷ്ടം സഹിച്ച് ബിരിയാണി വിൽപ്പന നടത്തേണ്ട അവസ്ഥയിലാണ് ഹോട്ടൽ മേഖലയിലുള്ളവർ.

-ജി. ജയപാൽ (സംസ്ഥാന പ്രസിഡന്റ്, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ)