'വിമാനക്കമ്പനി തുടങ്ങാൻ അദാനി ഇളവ് തേടി, ശേഷം പച്ചക്കള്ളം പറയുന്നു' കത്ത് പുറത്തുവിട്ട് മെഹുവ

ന്യൂഡൽഹി: വിമാനക്കമ്പനി തുടങ്ങാൻ അദാനി ഗ്രൂപ്പ് കേന്ദ്ര സർക്കാരിനോട് ഇളവ് തേടിയതിന് തെളിവുണ്ടെന്ന് ആരോപിച്ച് കത്ത് പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയ്ത്ര. നേരത്തെ ഇത് സംബന്ധിച്ച് മാധ്യമ വാർത്തകൾ വന്ന ഘട്ടത്തിൽ തങ്ങൾക്ക് വിമാന കമ്പനി തുടങ്ങുന്നതിനുള്ള പദ്ധതിയില്ലെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞിരുന്നു.
അദാനി എയർപോർട്‌സ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (AAI) അയച്ചതായി അവകാശപ്പെടുന്ന ജൂൺ 4-ലെ ഒരു കത്താണ് തൃണമൂൽ കോൺഗ്രസ് എം.പി പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് വിമാനത്താവള നടത്തിപ്പുകാർക്ക് വിമാനക്കമ്പനികളിൽ ഓഹരി പങ്കാളിത്തത്തിന് നിയന്ത്രണം ഉണ്ട്. ഈ വ്യവസ്ഥയിൽ ഇളവ് വേണമെന്നാണ് അദാനി എയർപോർട്‌സ് എഎഐയോട് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അദാനി ഗ്രൂപ്പ് 'ഓഹരി വിപണിയോട് പച്ചക്കള്ളം പറയുകയാണെന്ന്' മഹുവ മൊയ്ത്ര എക്‌സ് പോസ്റ്റിൽ ആരോപിച്ചു. 2006-ലെ എയർപോർട്ട് സ്വകാര്യവൽക്കരണ കരാറിൽ നിന്ന് ഇളവ് തേടിക്കൊണ്ട് എഎഐക്ക് ജൂൺ 4-ന് അയച്ച കത്തും, തുടർന്ന് എയർലൈൻ പദ്ധതിയെക്കുറിച്ചുള്ള വാർത്തകൾ നിഷേധിച്ച് ജൂലായ് 24-ന് അദാനി എന്റർപ്രൈസസ് ബിഎസ്ഇയ്ക്കും എൻഎസ്ഇയ്ക്കും നൽകിയ വിശദീകരണവും ചൂണ്ടിക്കാണിച്ചാണ് അവർ ആരോപണം ഉന്നയിച്ചത്.
വിമാനത്താവള നടത്തിപ്പുകാർ തന്നെ വിമാനക്കമ്പനികളിലും നിക്ഷേപം നടത്തിയാൽ, മറ്റ് വിമാനക്കമ്പനികളോട് വിവേചനം കാണിക്കാനുള്ള സാധ്യത തടയാനാണ് രാജ്യത്ത് ഇത്തരമൊരു നിയന്ത്രണമുള്ളത്. വിമാനത്താവള കമ്പനികളിൽ ഓഹരി പങ്കാളിത്തമുള്ളവർക്ക് വിമാന സർവീസ് കമ്പനികളിൽ 10 ശതമാനത്തിലധികം ഓഹരി പങ്കാളിത്തം നേടാൻ ചട്ടം അനുവദിക്കുന്നില്ല.
മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം, ജയ്പുർ, ഗുവാഹാട്ടി തിരുവനന്തപുരം എന്നീ പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് അദാനി എയർപോർട്ട് ഹോൾഡിങ്‌സ് ലിമിറ്റഡ് ആണ്.
Content Highlights: MP Mahua Moitra released a letter allegedly sent by Adani Airports to AAI., The letter reportedly asks for an exemption from rules barring airport operators from owning airlines., Adani had earlier denied plans of starting an airline to stock exchanges., Current rules restrict airport operators from holding more than 10 percent in airlines to prevent discrimination.