രണ്ടുകയ്യും കൂട്ടിയടിച്ചാലാണ് ശബ്ദമുണ്ടാവുക- രാഹുലിനെ പിന്തുണച്ച് മഹിളാകോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ

കാസര്‍കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കാസര്‍കോട് ജില്ലാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ മിനി ചന്ദ്രന്‍. രണ്ടുകയ്യും കൂട്ടിയടിച്ചാലാണ് ശബ്ദമുണ്ടാവുക. എന്നാല്‍, ഇപ്പോള്‍ ഒരാളെ മാത്രം ഒറ്റപ്പെടുത്തുന്ന അവസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ വിഷയം, ആരോപണം എന്നുതന്നെയാണ് ഇപ്പോഴും ഞങ്ങളുടെയെല്ലാം മനസ്സിലുള്ളത്. എന്തെങ്കിലും വസ്തുതയുണ്ടെങ്കില്‍ നേതൃത്വം എടുക്കുന്ന തീരുമാനം എന്താണോ അതുതന്നെയാണ് കാസര്‍കോട്ടെ മഹിളാ കോണ്‍ഗ്രസിന്റെയും തീരുമാനം, മിനി ചന്ദ്രന്‍ പറഞ്ഞു.
ഇതുവരെ ആരും പരാതി രേഖാമൂലം കൊടുത്തിട്ടില്ലെന്നാണ് തന്റെ അറിവ്. അങ്ങനെ ഒരു വിഷയമുണ്ടെങ്കില്‍ അവര്‍ രേഖാമൂലമായ പരാതിയുമായി മുന്‍പോട്ടുവരട്ടെ. സ്ത്രീകള്‍ക്ക് അങ്ങനെയൊരു അതിക്രമം നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണ്. ഒരു ഭാഗം മാത്രമായിട്ട് അങ്ങനെയൊന്നും സംഭവിക്കില്ല. രണ്ടുകയ്യും കൂട്ടിയടിച്ചാല്‍ മാത്രമേ ശബ്ദം കേള്‍ക്കുകയുള്ളൂ. ഇത് ഒരു ആരോപണം മാത്രമായി നിലനില്‍ക്കുന്നിടത്തോളം കാലം നേതൃത്വത്തിന്റെ തീരുമാനമെന്തോ അത് അനുസരിച്ച് കാസര്‍കോട് മഹിളാകോണ്‍ഗ്രസുമുണ്ടാകും, അവര്‍ കൂട്ടിച്ചേര്‍ത്തു.
അനീതിക്കെതിരേ എന്നും ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ആ രീതിയില്‍ തന്നെയായിരിക്കും കോണ്‍ഗ്രസിന്റെ പ്രതികരണമെന്നും മിനി ചന്ദ്രന്‍ പറഞ്ഞു.
Content Highlights: mahila congress kasargod president supports rahul mamkoottathil