ജി. സുധാകരനെ എം.എ. ബേബി സന്ദർശിച്ചു; കൂടിക്കാഴ്ച സിപിഎം ജില്ലാനേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾക്കിടെ

എംഎ ബേബി ജി.സുധാകരനൊപ്പം |  ഫോട്ടോ: മാതൃഭൂമി
എംഎ ബേബി ജി.സുധാകരനൊപ്പം | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: സിപിഎം ആലപ്പുഴ ഘടകവുമായി അസ്വാരസ്യത്തിലുള്ള മുതിർന്ന നേതാവ് ജി. സുധാകരനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സന്ദർശിച്ചു. പുന്നപ്ര-വയലാർ വാരാചരണത്തിന്റെ ഭാഗമായുള്ള ചടങ്ങിന് ആലപ്പുഴയിലെത്തിയതായിരുന്നു ബേബി.

പൊതുസമ്മേളനത്തിനു മുൻപ്, കഴിഞ്ഞദിവസം അന്തരിച്ച വിഎസിന്റെ സഹോദരി ആഴിക്കുട്ടിയുടെ വീട്ടിലെത്തി അനുശോചനമറിയിച്ചു. ഈ യാത്രയ്ക്കിടെയാണ് പറവൂരിലെ വീട്ടിലെത്തി സുധാകരനെയും കണ്ടത്. സന്ദർശനം ആരെയും മുൻകൂട്ടി അറിയിച്ചിരുന്നില്ല.

ആലപ്പുഴയിലെ ചില പാർട്ടിപ്രവർത്തകർ സൈബർ ആക്രമണം നടത്തുന്നുവെന്ന് സുധാകരനു പരാതിയുണ്ട്. ഇടയ്ക്ക് മന്ത്രി സജി ചെറിയാനെതിരേ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച മങ്കൊമ്പിൽ ബേബി പങ്കെടുത്ത ചടങ്ങിലേക്ക് സുധാകരനെ ക്ഷണിച്ചെങ്കിലും മറ്റൊരു പരിപാടി നേരത്തേ ഏറ്റിരുന്നതിനാൽ അദ്ദേഹം പോയില്ല.

ഇക്കാര്യം പിന്നീട് ബേബിയുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന്, ആലപ്പുഴയിലെത്തിയ ആദ്യ സന്ദർഭത്തിൽത്തന്നെ സുധാകരനെ കാണാൻ ബേബി എത്തുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ ഒപ്പമുണ്ടായിരുന്നു. തികച്ചും സൗഹൃദസംഭാഷണമായിരുന്നെന്നും പൊതുവായ രാഷ്ട്രീയകാര്യങ്ങളല്ലാതെ മറ്റൊന്നും സംസാരിച്ചില്ലെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞദിവസം സുജാതയും നാസറും സുധാകരനെ കണ്ടിരുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെ അപമാനം; ജി. സുധാകരൻ പരാതിനൽകി

അമ്പലപ്പുഴ: സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരേ നടപടിയാവശ്യപ്പെട്ട് ജി. സുധാകരൻ അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക് പരാതിനൽകി. സഖാവ് പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നുവെന്നു പറഞ്ഞ് അസഭ്യപരാമർശങ്ങളുള്ള കവിത തയ്യാറാക്കി ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചതിലാണ് പരാതി.

Content Highlights: MA Baby Visits G Sudhakaran