പാർട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരും, പാർട്ടിക്കെതിരായി മത്സരിക്കാൻ പോയവരുടെ കാര്യം വ്യത്യസ്തം- എം.എ. ബേബി

#സ്വന്തം ലേഖിക
എം.എ. ബേബി | Photo: Pranav/Mathrubhumi
എം.എ. ബേബി | Photo: Pranav/Mathrubhumi

ആലപ്പുഴ: പാർട്ടി വിട്ടുപോയവരെ സിപിഎമ്മിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കെതിരായി മത്സരിക്കാൻ പോയവരുടെ കാര്യം വ്യത്യസ്തമാണെന്നും, അവർ നിലപാട് പുനഃപരിശോധിച്ച് തെറ്റ് തിരുത്തി തിരികെ വരാൻ താല്പര്യം പ്രകടിപ്പിച്ചാൽ ആ സമയത്ത് പാർട്ടി അത് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി വിട്ടുപോയവർ തങ്ങൾ ചെയ്തത് ശരിയല്ലെന്ന് ബോധ്യപ്പെട്ട് തിരികെ വരികയും സഹകരിക്കുകയും ചെയ്ത അനുഭവങ്ങളുണ്ട്. കെ.ആർ. ഗൗരിയമ്മ അവസാനകാലത്ത് പാർട്ടിയോട് സഹകരിച്ചതും, എം.വി. രാഘവൻ വിട്ടുപോയ ശേഷം വീണ്ടും തിരികെ വന്ന് സഹകരിച്ചതും ഇതിന് ഉദാഹരണങ്ങളാണ്. പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ അനുഭാവി ഗ്രൂപ്പുകൾ ഉണ്ടാക്കുക എന്നതാണ് പാർട്ടി ശ്രമം.

റിപ്പോർട്ടർ ടിവിയിൽ നടന്ന റെയ്ഡ് ശരിയല്ലെന്നും മെസി വിവാദത്തിലാണ് കേസെങ്കിൽ അത് വേറെ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിൽ ആക്ഷേപമില്ല. മാധ്യമ സ്ഥാപനത്തിലെ ഉടമ തെറ്റ് ചെയ്തെങ്കിൽ അതിനെ അങ്ങനെ നേരിടണം. അതിന്റെ മറവിൽ ഒരു മാധ്യമ സ്ഥാപനത്തെ ആക്രമിക്കുന്നത് ശരിയല്ല. ഇതിനെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി നേരിടണം. ഏതെങ്കിലും പഴുത് ഉപയോഗിച്ച് മാധ്യമ സ്ഥാപനത്തെ ആക്രമിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.