ഓര്‍മ്മകളിൽ മായാതെ ആ സല്യൂട്ട്; ക്യാപ്റ്റൻ വിക്രമിന്റെ അച്ഛൻ ലെഫ്. കേണൽ വിശ്വനാഥപ്പണിക്കർ അന്തരിച്ചു

കോഴിക്കോട്: കാര്‍ഗില്‍ യുദ്ധത്തില്‍ (1999) വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ അച്ഛന്‍ റിട്ട. ലെഫ്റ്റനന്റ് കേണല്‍ പി.കെ.പി. വിശ്വനാഥപ്പണിക്കര്‍ (82) പന്നിയങ്കരയിലെ 'ഗുല്‍മോഹര്‍' ഫ്‌ളാറ്റില്‍ അന്തരിച്ചു.
1965-ലെയും 1971-ലെയും ഇന്ത്യ-പാകിസ്താന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് മിഡ് ടൗണ്‍ മുന്‍പ്രസിഡന്റായിരുന്നു.
ഭാര്യ: പന്നിക്കോട്ട് കല്യാണി പണിക്കര്‍. മകന്‍: ഡോ. കേശവ് (ഡയറക്ടര്‍ ഐടി കമ്പനി, യുകെ). മരുമകള്‍: അനുപമ. സഹോദരങ്ങള്‍: ഗംഗമ്മ (ഒറ്റപ്പാലം), സരസമ്മ (ഹൈദരാബാദ്), രഘുനാഥപ്പണിക്കര്‍ (പാലക്കാട്), വിജയാ ഗോപാലകൃഷ്ണന്‍ (എറണാകുളം), പരേതരായ പത്മനാഭപ്പണിക്കര്‍, കോമളവല്ലി അമ്മ, ശാരദാമ്മ, അംബുജാക്ഷി അമ്മ, ശാന്തമ്മ. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് ഏഴിന് മാനാരി ശ്മശാനത്തില്‍.
ഓര്‍മ്മകളില്‍ മായാതെ ആ സല്യൂട്ട്
കോഴിക്കോട്: സൈന്യമായിരുന്നു റിട്ട. ലെഫ്റ്റനന്റ് കേണല്‍ പി.കെ.പി. വിശ്വനാഥപ്പണിക്കര്‍ക്ക് എല്ലാം. മകന്‍ വിക്രമിനെ തന്റെ വഴിയില്‍ കരസേനയിലെ കമ്മിഷന്‍ഡ് ഓഫീസറാക്കിയതും വര്‍ഷങ്ങള്‍ക്കിപ്പുറം മകന്റെ വീരമൃത്യുവിനുശേഷം ലഭിച്ച ഗ്യാസ് ഏജന്‍സിയില്‍ ജോലിചെയ്യാന്‍ വിമുക്തഭടന്മാരെമാത്രം നിയോഗിച്ചതുമെല്ലാം അതിന്റെ പ്രതിഫലനംമാത്രം.
1999-ല്‍ കാര്‍ഗില്‍മേഖലയിലെ കാക്കസര്‍ കുന്നുകള്‍ നുഴഞ്ഞുകയറ്റക്കാരില്‍നിന്ന് മോചിപ്പിക്കാന്‍ യുദ്ധം നയിക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ വിക്രം വീരമൃത്യു വരിച്ചത്. മകന്റെ മൃതശരീരം പന്നിയങ്കരയിലെ വീട്ടിലെത്തിച്ചപ്പോള്‍ ദുഃഖം ഉള്ളിലൊതുക്കി, രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ആ യുവസൈനികന് അദ്ദേഹം സല്യൂട്ടോടെ അന്ത്യപ്രണാമമര്‍പ്പിക്കുന്ന കാഴ്ച ഇന്നും കോഴിക്കോട്ടുകാരുടെ ഓര്‍മ്മകളില്‍ മായാതെയുണ്ട്.
മുപ്പതുവര്‍ഷം സൈനികനെന്നനിലയില്‍ അദ്ദേഹം രാജ്യത്തെ സേവിച്ചു. പീരങ്കിപ്പടയെന്നറിയപ്പെടുന്ന 141 ഫീല്‍ഡ് റെജിമെന്റിലായിരുന്നു അദ്ദേഹം. ജമ്മു-കശ്മീരിലും പഞ്ചാബിലുമായിരുന്നു അധികകാലവും. മകന്‍ ക്യാപ്റ്റന്‍ വിക്രമും ഈ റെജിമെന്റില്‍ത്തന്നെയാണ് ചേര്‍ന്നത്. 1994-ലാണ് വിശ്വനാഥപ്പണിക്കര്‍ വിരമിക്കുന്നത്. ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ പരിശീലനത്തിനുശേഷം 1996 ജൂണിലാണ് വിക്രം സെക്കന്‍ഡ് ലെഫ്റ്റനന്റായി അതേ റെജിമെന്റിലെത്തിയത്.
സൈന്യത്തില്‍നിന്ന് വിരമിച്ചശേഷം പാലക്കാട് കഞ്ചിക്കോട്ടെ ടാറ്റ ഫോണ്‍ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗം മാനേജരായിരുന്നു പണിക്കര്‍. പിന്നീട് ബെംഗളൂരുവിലെ ഐടി കമ്പനിയിലും ഇതേപദവി വഹിച്ചു. വിക്രമിന്റെ മരണശേഷമാണ് കോഴിക്കോട്ടുതന്നെ തുടര്‍ന്നത്. കോഴിക്കോടിന്റെ സാമൂഹികരംഗങ്ങളില്‍ സജീവമായിരുന്നു പണിക്കര്‍. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് മിഡ്ടൗണ്‍ പ്രസിഡന്റായിരുന്നു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്‍, റിട്ട. ആംഡ് ആര്‍മി ഫോഴ്സ് അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിയായിരുന്നു. കോഴിക്കോട്ട് എക്‌സ്സര്‍വീസ്മെന്‍ ലീഗ് സ്ഥാപിച്ചതും ലെഫ്. കേണല്‍ വിശ്വനാഥപ്പണിക്കരുടെ നേതൃത്വത്തിലാണ്. ചങ്ങനാശ്ശേരിസ്വദേശിയായ അദ്ദേഹം, കല്യാണിപ്പണിക്കരെ വിവാഹം കഴിച്ചതോടെയാണ് കോഴിക്കോട്ടുകാരനായി മാറിയത്.
Content Highlights: Retired Lt. Col. P.K.P. Vishwanatha Panicker, father of Kargil hero Captain Vikram, passed away