ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി സ്ഥാനമൊഴിയുന്നു; ജില്ലാകളക്ടർക്ക് താൽക്കാലിക ചുമതല

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ സംസ്ഥാന പോലീസ് മേധാവി കൂടിയായ ലോക്നാഥ് ബെഹ്റ പടിയിറങ്ങുന്നു. ബെഹ്റയുടെ കാലാവധി 30-ന് അവസാനിക്കും. എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്കാണ് താൽക്കാലിക ചുമതല. 2021-ലാണ് ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ആയി ചുമതലയേറ്റത്. ബെഹ്റയ്ക്ക് വീണ്ടും കാലാവധി നീട്ടി നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.
കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്കുൾപ്പെടെ സർവീസ് ആരംഭിച്ചത് ബെഹ്റയുടെ കാലയളവിലാണ്. വാട്ടർ മെട്രോ സർവീസ് യാഥാർഥ്യമായതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. സമാനമായി കൊച്ചി മെട്രോയുടെ നിർണായകമായ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ബെഹ്റ പടിയിറങ്ങുന്നത്. ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള പിങ്ക് ലൈൻ രണ്ടാംഘട്ട മെട്രോപാത നിർമാണം പുരോഗമിക്കുകയാണ്. കൊച്ചി മെട്രോയുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികൾ ബെഹ്റയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ചിരുന്നു.
Content Highlights: Loknath Behera's tenure as Kochi Metro MD concludes on the 30th., Ernakulam District Collector G. Priyanka takes over interim charge., Behera oversaw key developments like the Water Metro and Thrippunithura extension., Phase 2 Pink Line construction from JLN Stadium to Infopark is currently ongoing.