മെസി വിവാദം: സ്‌പോൺസർ പണംകൈമാറിയ കളക്ഷൻ ഏജന്റും ക്ലിയർ അല്ല, യുഎസിൽ FBI അന്വേഷണം നേരിടുന്നു

തിരുവനന്തപുരം: അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുന്നതിനായി സ്‌പോൺസർ പണം കൈമാറിയെന്ന് അവകാശപ്പെടുന്ന കളക്ഷൻ ഏജന്റും ‘ക്ലിയർ’ അല്ലെന്ന് സൂചനകൾ. സ്‌പോൺസർമാരായ ആർബിസി(റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ), എഎഫ്എ(അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ)യ്ക്ക് പണം കൈമാറിയ ടൂർ പ്രോഡ് എന്റർ എഫ്ബിഐ അന്വേഷണം നേരിടുന്ന സ്ഥാപനമാണ്.
മെസിയെ കൊണ്ടുവരാൻ ആവിഷ്‌കരിച്ച പദ്ധതിയെക്കുറിച്ച് കായികവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഉയർന്നിട്ടുള്ള വലിയൊരു സംശയം കള്ളപ്പണം ഇടപാട് ഇതിൽ നടന്നിട്ടുണ്ടോ എന്നതാണ്. ഇക്കാര്യങ്ങളെ കുറിച്ച് പരിശോധിക്കുമ്പോഴാണ് സമാന ആരോപണം, കളക്ഷൻ ഏജന്റായ ടൂർ പ്രൊഡ് എന്റർ നേരിടുന്നുണ്ടെന്ന വിവരം പുറത്തെത്തുന്നത്.
യുഎസിൽ നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടത്തിയതിലാണ് കന്പനി അന്വേഷണം നേരിട്ടത്. ഈ പശ്ചാത്തലം പരിശോധിക്കാതെയാണ് പണമിടപാടിന് സർക്കാർ അനുമതി നൽകിയത്. ടൂർ പ്രോഡ് എന്ററിനെയാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ആർബിസിയിൽനിന്ന് പണം കളക്ട് ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നത്.
ടൂർ പ്രൊഡ് എന്റർ നിലവിൽ എഫ്ബിഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. മുപ്പത് കോടി യുഎസ് ഡോളറിന്റെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് എഫ്ബിഐ സംശയിക്കുന്നത്. 2022-ലെ അർജന്റീനയുടെ ലോകകപ്പ് ഫുട്‌ബോൾ വിജയത്തിന് ശേഷം അതുമായി ബന്ധപ്പെട്ട് വന്ന സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ഈ കമ്പനിയാണ്.
ടൂർ പ്രൊഡ് എന്റർ പിന്നീട് അമേരിക്കയിലെ ചില ബാങ്കുകൾ മുഖേന ഷെൽ കമ്പനികളിലേക്ക് കോടിക്കണക്കിന് ഡോളർ അനധികൃത വിനിമയം നടത്തിയെന്നാണ് എഫ്ബിഐ സംശയിക്കുന്നത്. അമേരിക്കയിൽ നടന്ന ലോകകപ്പിനിടെയിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നിരുന്നെന്നാണ് വിവരം. 126 കോടിരൂപയാണ് ആർബിസി, എഎഫ്എയ്ക്ക് ടൂർ പ്രൊഡ് എന്റർ വഴി കൈമാറിയത്.
Content Highlights: The collection agent handling sponsor money for Lionel Messi's Kerala visit is under FBI investigation for money laundering., Tour Prod Enter allegedly transferred millions to shell companies through US banks., RBC transferred Rs 126 crore to AFA through the disputed collection agent without prior background checks by the government.