ഭരണംപോയിട്ടും പിഎംശ്രീയിൽ പോര് തീരാതെ LDF; ഇതെന്ത് മുന്നണി ബന്ധമെന്ന് ശിവൻകുട്ടി, രാഷ്ട്രീയബോധം മറന്നോയെന്ന് ബിനോയ് വിശ്വം

#ന്യൂസ് ഡെസ്ക്
വി.ശിവന്‍കുട്ടിയും ബിനോയ് വിശ്വവും
വി.ശിവന്‍കുട്ടിയും ബിനോയ് വിശ്വവും

തിരുവനന്തപുരം: ഭരണം നഷ്ടമായിട്ടും എൽഡിഎഫിൽ പിഎം ശ്രീ കരാറിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട തർക്കം അവസാനിക്കുന്നില്ല. പി.എം.ശ്രീ പദ്ധതിയിൽ എൽ.ഡി.എഫ്. സർക്കാർ അബദ്ധത്തിൽ ഒപ്പിട്ടതാണെന്ന് കൺവീനർ ടി.പി. രാമകൃഷ്ണൻ നടത്തിയ പ്രസ്താവനയാണ് വിഷയം വീണ്ടും എൽഡിഎഫിനെ അസ്വസ്ഥമാക്കിയിരിക്കുന്നത്. അബദ്ധം സംഭവിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി.ശിവൻകുട്ടി ടി.പി.രാമകൃഷ്ണനെ അടുത്ത ദിവസം തന്നെ തിരുത്തി. പിന്നാലെ ഇന്ന് അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐയെ കടന്നാക്രമിക്കുകയും ചെയ്തു. ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി തിരിച്ചടിക്കുകയും ചെയ്തു. എൽഡിഎഫ് സർക്കാർ ഭരിക്കുന്ന ഘട്ടത്തിൽ പിഎം ശ്രീയിൽ ഒപ്പിട്ടതിനെ തുടർന്ന് സിപിഎമ്മും സിപിഐയും ശക്തമായ തർക്കം നിലനിന്നിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയും ഈ തർക്കം ഉയർന്നിരുന്നു.

നേട്ടങ്ങളെല്ലാം സിപിഐക്ക് കോട്ടങ്ങളെല്ലാം സിപിഎമ്മിന് ഈ നിലപാട് ശരിയല്ല. എന്ത് പ്രശ്നം വന്നാലും പിഎം ശ്രീ എന്ന് പറയുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ലെന്നും ഇന്ന് ശിവൻകുട്ടി പറയുകയുണ്ടായി.

ഇതെന്ത് മുന്നണി ബന്ധമാണ്? മുന്നണിയുടെ ഐക്യത്തിന് ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ഒട്ടും യോജിച്ചതല്ലെന്നും പറഞ്ഞ ശിവൻകുട്ടി ഇത്തരം രാഷ്ട്രീയ നിലപാട് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും കൂട്ടിച്ചേർത്തു.

വി ശിവൻകുട്ടിക്ക് സിപിഐ-യെ അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണം എന്നും അദ്ദേഹത്തിന് രാഷ്ട്രീയ ബോധം നഷ്ടപ്പെട്ടോ എന്നും ബിനോയ് വിശ്വം ചോദിച്ചു. 'ഒരു പ്രകോപനവും ഇല്ലാതെ എന്തിനാണ് ഇപ്പോൾ ഈ പ്രതികരണം? രാഷ്ട്രീയ ബോധം ശിവൻകുട്ടി മറന്നുപോയോ? വി. ശിവൻകുട്ടി സിപിഐയുടെ രാഷ്ട്രീയം പഠിക്കണം. അനവസരത്തിൽ ആർക്കുവേണ്ടി എന്തിനുവേണ്ടിയാണ് ശിവൻകുട്ടി പ്രസ്താവന നടത്തുന്നത്. കോൺഗ്രസിനുള്ളിൽ പ്രശ്നം നിലനിൽക്കുമ്പോഴാണ് ശിവൻകുട്ടിയുടെ ഈ പ്രസ്താവന. പ്രതിപക്ഷ ഉപനേതാവ് പദവി ഇപ്പോഴും തർക്ക വിഷയം. അത് പരസ്യമായി ഉന്നയിക്കാത്തത് രാഷ്ട്രീയ മര്യാദ കൊണ്ടാണ്' ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീ വിഷയത്തിൽ ടി.പി.രാമകൃഷ്ണൻ പറഞ്ഞതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: TP Ramakrishnan stated the LDF government signed the PM Shri agreement by mistake., V Sivankutty refuted the claim and heavily criticized CPI and Binoy Viswam., Binoy Viswam hit back at Sivankutty, questioning his political awareness.