പേരിൽ ചികിത്സ, പലയിടത്തും അനാശാസ്യം; കൂൺപോലെ മുളച്ചുപൊങ്ങി സ്പാകൾ, കണക്കില്ലാതെ അധികൃതർ

കോട്ടയം: ജില്ലയിൽ കൂൺപോലെ മുളച്ചുപൊങ്ങിയ മസാജിങ് സ്പാ സംബന്ധിച്ച് വ്യക്തമായ കണക്കുകളില്ലാതെ തദ്ദേശസ്ഥാപനങ്ങളും, പോലീസും. സ്പായുടെ പിന്നിൽ അനാശാസ്യപ്രവർത്തനങ്ങളും സെക്സ്റാക്കറ്റും പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം ഏറെക്കാലമായുണ്ടെങ്കിലും പരിശോധിക്കാൻ പോലീസോ തദ്ദേശസ്ഥാപനങ്ങളൊ തയ്യാറല്ല.
ജില്ലയിൽ ചെറുതുംവലുതുമായ നൂറിലധികം ബോഡി മസാജ് സെന്ററുകളും സ്പാകളും പ്രവർത്തിക്കുന്നതായാണ് അനൗദ്യോഗിക കണക്കുകൾ. ഇതിൽ ആയുർവേദ മസാജ് കേന്ദ്രങ്ങൾ, യൂണിസെക്സ് സ്പാകൾ, ബ്യൂട്ടി സ്പാകൾ എന്നിവ ഉൾപ്പെടുന്നു. പലപ്പോഴുംകേന്ദ്രം നടത്തിപ്പുകാർ തമ്മിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ മാത്രമാണ് പോലീസ് ഇടപടുന്നത്. അധികാരകേന്ദ്രങ്ങളിൽ സ്വാധീനമുള്ളവർക്ക് തുടർന്നും നടത്താം, അല്ലാത്തവർക്ക് ‘കട പൂട്ടി’ പോകേണ്ടി വരും.
കഴിഞ്ഞയിടെ കുമരകത്ത് നടത്തിപ്പുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ആലപ്പുഴ സ്വദേശി നടത്തിയിരുന്ന തിരുമ്മുകേന്ദ്രം പൂട്ടേണ്ടിവന്നു. പല നടത്തിപ്പുകാർക്കും രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനമുള്ളതിനാലും ‘എത്തേണ്ടത്’ കൃത്യമായി എത്തിക്കുന്നതിനാലും ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് പരാതിയുയർന്നാലും നടപടിയെടുക്കാറില്ല.
ആലപ്പുഴ സ്വദേശി സ്ഥാപനം നിർത്തിപ്പോകാൻ കാരണം എതിരാളിക്കുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ പിന്തുണയാണ്. ഇയാളെ പോലീസ് ഉദ്യോഗസ്ഥൻ ഓഫീസിൽ വിളിച്ചുവരുത്തി കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. തിരുവല്ല സംഭവത്തോടെ ജില്ലയിലും സ്പാകളുടെ കണക്കെടുപ്പിന് പോലീസ് തുടക്കമിട്ടു.‘കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 2018’ അനുസരിച്ചുള്ള രജിസ്ട്രേഷനും ലൈസൻസും മസാജ് സെന്ററുകൾക്ക് നിർബന്ധമാണെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്.
വിവിധ തരം ‘സ്പാ’കൾ
ആയുർവേദിക് സ്പാ, ഡേ സ്പാ, റിസോർട്ട്/ഹോട്ടൽ സ്പാ, മെഡിക്കൽ സ്പാ, ഡെസ്റ്റിനേഷൻ സ്പാ എന്നിങ്ങനെ പലപേരിലാണ് നടത്തിപ്പ്. പ്രത്യേകരീതിയിലുള്ള മസാജുകളാണ് നടത്തിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്. തായ് സ്പാ, സ്വീഡിഷ് മസാജ്, ബാലിനീസ്/ജാവനീസ് സ്പാ, ഹോട്ട് സ്റ്റോൺ മസാജ് എന്നിങ്ങനെയുള്ള മസാജുണ്ടെന്നാണ് പരസ്യത്തിൽ വ്യക്തമാക്കുക. കോട്ടയത്ത് ആയുർവേദിക് സ്പാകളും, യൂണിസെക്സ് ഡേസ്പാകളുമാണ് കൂടുതലായി പ്രവർത്തിക്കുന്നത്. തെറാപ്പിസ്റ്റുകളും ഉപഭോക്താക്കളും ഒരേലിംഗത്തിൽ പെട്ടവരാകണമെന്നാണ് ചട്ടം. ക്രോസ് മസാജിങ്ങുകൾ പാടില്ല. എന്നാൽ പരസ്യങ്ങളിൽ ക്രോസ് മസാജിങ്ങുകളുടെ ചിത്രങ്ങളോടെയുള്ള പരസ്യമാണ് ‘കസ്റ്റമേഴ്സി’നെ ആകർഷിക്കാൻ ഫോൺനമ്പർ ഉൾപ്പെടെ ജില്ലയിലുടെനീളം നൽകിയിട്ടുള്ളത്. പിന്നിലെ കാര്യങ്ങൾ അറിയാമെങ്കിലും ഇവിടങ്ങളിൽ പരിശോധന നടത്താൻ പോലീസൊ, ലൈസൻസിങ് അധികാരികളൊ തയ്യാറാകാറില്ല.
സ്പാ എങ്ങനെ തുടങ്ങാം.
നിയമപരമായി ഒരു സ്പാ പ്രവർത്തിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ (പഞ്ചായത്ത്/നഗരസഭ) ലൈസൻസ്, ആരോഗ്യ വകുപ്പിന്റെ അനുമതി, പോലീസ്, അഗ്നിരക്ഷാസേനകളുടെ എതിർപ്പില്ലാരേഖ എന്നിവ അത്യാവശ്യമാണ്. സ്ഥാപനം ഏകാംഗ ഉടമസ്ഥതയിലോ പാർട്ണർഷിപ്പിലോ അല്ലെങ്കിൽ കമ്പനിയായോ രജിസ്റ്റർ ചെയ്യണം. വാർഷിക വിറ്റുവരവ് നിശ്ചിതപരിധിയിൽ കൂടുതലാണെങ്കിൽ ജി.എസ്.ടി. രജിസ്ട്രേഷനെടുക്കണം. യോഗ്യതയുള്ള തെറാപ്പിസ്റ്റുകൾ, വൃത്തിയുള്ള അന്തരീക്ഷം, സ്ത്രീ-പുരുഷ ജീവനക്കാർക്ക് പ്രത്യേകം സൗകര്യം എന്നിവയും ഉറപ്പാക്കണം. തെറാപ്പിസ്റ്റുകൾ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് പരിശീലനം ലഭിച്ചവരായിരിക്കണം. സി.സി.ടി.വി. ക്യാമറകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കണം, എന്നാൽ ചികിത്സാമുറികളിൽ പാടില്ല. സ്ത്രീ-പുരുഷന്മാർക്ക് പ്രത്യേകം സംവിധാനങ്ങളും ശൗചാലയങ്ങളും ഉണ്ടായിരിക്കണം. എന്നാൽ ഇത്തരം ചട്ടങ്ങൾ പാലിച്ചല്ല ജില്ലയിലെ മിക്ക സ്പാകളും പ്രവർത്തിക്കുന്നതെന്ന് അധികൃതർതന്നെ സമ്മതിക്കുന്നു.
കോട്ടയം നഗരത്തിൽ 13, കുമരകത്ത് ഒൻപത്
കോട്ടയം നഗരസഭാപരിധിയിൽ 13 സ്‌പാ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഒരെണ്ണത്തിന് അന്തിമ അനുമതി നൽകിയിട്ടില്ല. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടി വാങ്ങിയശേഷമാണ് നഗരസഭ അനുമതി നൽകുന്നതെന്ന് ചെയർമാൻ എം.പി. സന്തോഷ്‌കുമാർ പറഞ്ഞു. വർഷംതോറും പ്രവർത്തനം പുതുക്കുന്നതിനും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട്. അനധികൃതമായി ഏതെങ്കിലും കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയാൻ നിയമനടപടി സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. കുമരകത്ത് ഹോട്ടലുകളിലും റിസോർട്ടുകളിലുമുള്ള സ്പാകൾക്കുപുറമെ ഒൻപത് തിരുമ്മുകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കഴിഞ്ഞദിവസം പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. ചിലതിന് ലൈസൻസ് ഉണ്ടെങ്കിലും ഉടമയ്ക്ക് തെറാപ്പി ലൈസൻസൊ, പോലീസിന്റെ അനുമതി പത്രമൊ ഇല്ലാതെയാണ് ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. എന്നാൽ ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾ കണ്ടെത്തിയതിലും വളരെ കൂടുതലാണെന്നും പലതിലും അനാശാസ്യ-മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ടെന്നുമാണ് വിവരം.
Content Highlights: large number of massaging spa centre in kottayam where many works without licence and unlawful activities are taking place