വില്പനക്കരാർ ലംഘനം: DGP ദർവേഷ് സാഹിബിന്റേയും ഭാര്യയുടേയും പേരിലുള്ള ഭൂമി ജപ്തിചെയ്യാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: വില്പനക്കരാർ ലംഘിച്ചതിന് സംസ്ഥാന പോലീസ് മേധാവി ദർവേഷ് സാഹിബിന്റേയും ഭാര്യയുടേയും പേരിലുള്ള 10.8 സെന്റ് ഭൂമി ജപ്തിചെയ്യാൻ കോടതി ഉത്തരവ്. തിരുവനന്തപുരം സബ് കോടതിയാണ് ഉത്തരവിട്ടത്.
ഡി.ജി.പിയുടേയും ഭാര്യയുടേയും പക്കലുള്ള 10.8 സെന്റ് ഭൂമി വഴുതക്കാട് സ്വദേശിക്ക് വിൽക്കാൻ കരാർ ഉണ്ടാക്കിയിരുന്നു. 74 ലക്ഷം രൂപയുടെ ഭൂമിയാണ് വിൽക്കാൻ തീരുമാനിച്ചത്. ഇതിൽ 30 ലക്ഷം ഡി.ജി.പി. മുൻകൂറായി വാങ്ങി. എന്നാൽ, ഈ വസ്തു ബാങ്കിൽ പണയത്തിലാണെന്ന കാര്യം പരിശോധനയിൽ വ്യക്തമായി. 26 ലക്ഷത്തിന്റെ ബാധ്യത വസ്തുവിനുമേൽ ബാങ്കിൽ ഈട് ഉണ്ടെന്ന് വസ്തു വാങ്ങാൻ തയ്യാറായ വ്യക്തി മനസിലാക്കുകയും തുടർന്ന് കോടതിയെ സമീപിക്കുകയുമായിരുന്നുവെന്നാണ് വിവരം.
എന്നാൽ, ഭൂമിയിടപാടിൽ ഒരു പിന്മാറലും നടന്നിട്ടില്ലെന്ന വിശദീകരണവുമായി ഡി.ജി.പി. രംഗത്തെത്തി. സുതാര്യമായ ഇടപാടാണ് നടന്നിട്ടുള്ളത്. കൃത്യമായ കരാറോടെയാണ് ഭൂമി ഇടപാട് നടന്നിരിക്കുന്നത്. കരാറുകാരൻ മുൻകൂറായി പണം തന്നശേഷം ഭൂമിയിൽ മതിൽ കെട്ടി. എന്നാൽ, കരാർ ഉണ്ടായി മൂന്ന് മാസം പിന്നിട്ടിട്ടും ബാക്കി പണം തരാൻ തയ്യാറായില്ല. ബാക്കി പണം ചോദിച്ചപ്പോൾ മുൻകൂറായി തന്ന പണം തിരികെ ചോദിക്കുന്ന നടപടിയാണ് ഉണ്ടായത്. മുൻകൂറായി നൽകിയ പണം തിരികെ വേണമെങ്കിൽ ഭൂമി വിറ്റശേഷം തരാം എന്നാണ് പറഞ്ഞത്. എന്നാൽ, പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് ഡി.ജി.പി. വിശദീകരണം നൽകി.
2023 ജൂൻ 22-നാണ് കരാർ എഴുതിയത്. 30 ലക്ഷം രൂപ ഡിജിപി വാങ്ങിയതിനുശേഷമാണ് കരാർ ലംഘനം നടത്തിയ വിവരം ബോധ്യപ്പെട്ടത്. വായ്പ ബാധ്യത ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കരാറിൽ നിന്ന് പിൻവാങ്ങുന്ന കാര്യം ഡിജിപിയെ അറിയിച്ചിരുന്നുവെന്ന് പരാതിക്കാരൻ ഉമർ ഷെരീഫ് പറഞ്ഞു. ഡി.ജി.പിക്കെതിരേ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നുവെന്നും പണം തിരികെ ലഭിച്ചാൽ കേസ് പിൻവലിക്കുമെന്നും പരാതിക്കാരൻ ഉമർ ഷെരീഫ് കൂട്ടിച്ചേർത്തു.
Content Highlights: land case court order against dgp darvesh sahib