ലക്ഷദ്വീപിൽ പട്രോളിങ് ബോട്ട് മറിഞ്ഞ് ദുരന്തം; രണ്ട് പോലീസുകാരെ കാണാതായി, ഒരാൾ നീന്തി രക്ഷപ്പെട്ടു

#ന്യൂസ് ഡെസ്ക്
ലക്ഷദ്വീപ് സുഹേലി ദ്വീപിന് സമീപം കടലിൽ മുങ്ങിയ പട്രോളിങ് ബോട്ട് കണ്ടെത്തി കരയ്‌ക്കെത്തിച്ചപ്പോൾ, കാണാതായ പോലീസുകാരായ കെ.എം. നബീലും കെ.സി. ഹിദായത്തുള്ളയും
ലക്ഷദ്വീപ് സുഹേലി ദ്വീപിന് സമീപം കടലിൽ മുങ്ങിയ പട്രോളിങ് ബോട്ട് കണ്ടെത്തി കരയ്‌ക്കെത്തിച്ചപ്പോൾ, കാണാതായ പോലീസുകാരായ കെ.എം. നബീലും കെ.സി. ഹിദായത്തുള്ളയും

കവരത്തി: ലക്ഷദ്വീപ് കടലിൽ പട്രോളിങ് നടത്തവേ തിരമാലയിലും കടൽച്ചുഴിയിലും പെട്ട് ബോട്ട് മറിഞ്ഞ് രണ്ട് പോലീസുകാരെ കാണാതായി. ഒരാൾ നീന്തി രക്ഷപ്പെട്ടു. കവരത്തി സ്‌റ്റേഷനിലെ കോൺസ്റ്റബിൾമാരായ കെ.എം. നബീൽ (34), കെ.സി. ഹിദായത്തുള്ള (49) എന്നിവരെയാണ് കാണാതായത്. നബീൽ കവരത്തി സ്വദേശിയും ഹിദായത്തുള്ള ആന്ത്രോത്ത് സ്വദേശിയുമാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന അമിനി സ്വദേശിയായ ഉമ്മർ ഫാറൂഖ് എന്ന കോൺസ്റ്റബിൾ നീന്തി രക്ഷപ്പെട്ടു.

ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത സുഹേലി ദ്വീപിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് ശക്തമായ തിരമാലയും കടൽച്ചുഴിയിലും പെട്ട് ബോട്ട് മറിഞ്ഞത്. നീന്തി കരയിലെത്തിയ ഉമ്മർ ഫാറൂഖ് വിവരം പോലീസ് അധികൃതരെ അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ പോലീസ് സംഘമെത്തി ഉമ്മറിനെ കവരത്തി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നബീലിനെയും ഹിദായത്തുള്ളയെയും തിരഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല. മറിഞ്ഞ ബോട്ട് കണ്ടെത്തി കരയ്ക്കെത്തിച്ചിട്ടുണ്ട്. നാവികസേനയുടെ ഒരു കപ്പലും കോസ്റ്റ്ഗാർഡ് സംഘവും തിരച്ചിലിനുണ്ട്.

Content Highlights: Two Kavaratti police constables missing after a patrol boat capsized., Incident occurred near the uninhabited Suheli Island due to strong waves and whirlpools., One policeman, Ummer Farooq, managed to swim ashore and alert authorities., Indian Navy and Coast Guard have deployed ships for search and rescue operations.