യുഡിഎഫിന്‍റെ പോലീസല്ല പിണറായിയുടെ പോലീസ്, പ്രതി യുഡിഎഫെന്ന് തെളിഞ്ഞാല്‍ തള്ളിപ്പറയുമോ?-കെ.വി സുമേഷ്

കെവി സുമേഷ്
കെവി സുമേഷ്

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ക്രിമിനല്‍ ഗൂഢാലോചനയാണ് എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണമെന്ന് കെവി സുമേഷ് എംഎല്‍എ. എ.കെ.ജി സെന്റര്‍ വലതുപക്ഷ രാഷ്ട്രീയത്തിന് എല്ലാക്കാലവും അസ്വസ്ഥതയും അസൂയയും ഉളവാക്കുന്ന ഒന്നാണ് . എകെജി സെന്റര്‍ ആക്രമിച്ച സംഭവത്തില്‍ കിട്ടിയവനെ പ്രതിയാക്കാന്‍ ഞങ്ങളില്ല. പ്രതികളെ പിടിച്ചാല്‍ അത് യുഡിഎഫുകാരനെന്ന് തെളിഞ്ഞാല്‍ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാവുമോ എന്നും കെവി സുമേഷ് എംഎല്‍എ ചോദിച്ചു. 

കോണ്‍ഗ്രസ് കേരളത്തില്‍ കലാപം അഴിച്ചു വിടുകയാണെന്നും കെ വി സുമേഷ് പറഞ്ഞു. സ്വര്‍ണക്കടത്ത് പോലെ സമകാലിക വിഷയങ്ങളില്‍ കേരളത്തില്‍ കലാപത്തിന് സമാനമായ സാഹചര്യമാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയത്. ഓഫീസ് ആക്രമിച്ചതിന് 77 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 61 കേസ് യുഡിഎഫിന് നേരെയാണ്. 11 കേസ് സിപിഎമ്മിനും മറ്റ് പാര്‍ട്ടികള്‍ക്കും നേരെയാണ്. സിപിഎം ഭരിക്കുമ്പോള്‍ സിപിഎമ്മുകാരന്‍ തെറ്റ് ചെയ്താല്‍ ആ പ്രവര്‍ത്തകനെ സംരക്ഷിക്കുകയെന്നതല്ല പിണറായി വിജയന്‍ സര്‍ക്കാരിന്റെ പോലീസിന്റെ നയം. 

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. എന്നാല്‍ എകെജി സെന്ററില്‍ വന്ന എസ്ഡിപിഐക്കാരനെ മടക്കി അയക്കുകയാണ് ചെയ്തത്. ഒരു വര്‍ഗീയ തീവ്രവാദികളുടെ ഒരു ആനുകൂല്യവും അനുകമ്പയും ഞങ്ങള്‍ക്ക് ആവശ്യമില്ല. 

എകെജി സെന്ററിന് ബോംബെറിഞ്ഞിട്ട് ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ നിങ്ങള്‍ എന്ത് പ്രതികരണമാണ് ഇതുവരെ സ്വീകരിച്ചത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതികളെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഇതു വരെ തയ്യാറായിട്ടുണ്ടോ എന്നും കെവി സുമേഷ് സഭയില്‍ ചോദിച്ചു.

Content Highlights: kv sumesh mla on attack against akg center in niyamasabha