ഉണ്ടാക്കിയത് 30കിലോ കുഴിമന്തി, ചികിത്സതേടിയത് 213 പേർ; ഹോട്ടൽ മുൻപ് പൂട്ടിച്ചത് വൃത്തിയില്ലാത്തതിനാൽ

തൃശ്ശൂർ/പെരിഞ്ഞനം: കയ്പമംഗലത്ത് ഭക്ഷ്യവിഷബാധയുണ്ടാകുമ്പോൾ മാത്രം രംഗത്തുവരുകയും ശേഷം കണ്ണുകെട്ടിയിരിക്കുകയുമാണ് സർക്കാർ വകുപ്പുകൾ. ഭക്ഷ്യസുരക്ഷാവകുപ്പ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്ന് കർശനമായ തുടർനടപടികൾ ഉണ്ടാകാറില്ല. വേണ്ടത്ര ജീവനക്കാരില്ല എന്നതാണ് എപ്പോഴും പറയുന്ന ന്യായം. പെരിഞ്ഞനം സെയിൻ ഹോട്ടലിൽ വൃത്തിയില്ലാത്തതിന്റെ പേരിൽ മുൻപ് നടപടിയെടുത്തിരുന്നതാണ് എന്നാൽ, ഹോട്ടൽ വീണ്ടും തുറന്നപ്പോൾ പരിശോധനകൾ നടന്നില്ല.
ഈ ഹോട്ടലിന്റെ ലൈസൻസ് ആരുടെ പേരിലാണെന്നതിൽപ്പോലും അവ്യക്തതയാണ്. മൂന്നുവർഷത്തോളമായി കാട്ടൂർ കാറളം സ്വദേശിയായ തൗടേരി വീട്ടിൽ ഷിയാസിന്റെ പേരിലാണ് ലൈസൻസ്. 2024 മാർച്ച് 31-ന് കാലാവധി തീരുന്നതിനുമുൻപായി ലൈസൻസ് പുതുക്കാൻ ഇദ്ദേഹം പഞ്ചായത്തിൽ അപേക്ഷ നൽകി ഫീസും അടച്ചിട്ടുണ്ട്. എന്നാൽ, ഏപ്രിൽ രണ്ടിന് ഇതേ ഹോട്ടലിന്റെ പേരിൽ കയ്പമംഗലം സ്വദേശി ചമ്മിണിയിൽ റഫീക്ക് പുതിയ ലൈസൻസിന് അപേക്ഷ നൽകിയതാണ് അവ്യക്തതയ്ക്ക് കാരണം.
നിലവിലുള്ള ലൈസൻസി പുതുക്കാൻ ഫീസടച്ചാൽ പുതിയ ലൈസൻസ് നൽകിയതായി കണക്കാക്കുമെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. എന്നാൽ, റഫീക്കിന്റെ അപേക്ഷ വന്നതിനാൽ ഷിയാസിന് ഇതുവരെയും പുതിയ ലൈസൻസ് കൈമാറിയിട്ടുമില്ല. ഇരുകൂട്ടരെയും വിളിച്ചുവരുത്തി കെട്ടിടമുടമയെക്കൂടി കേട്ടശേഷം തീരുമാനമെടുക്കാൻ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് വിഷബാധയുണ്ടായത്.
ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു
ചൊവ്വാഴ്ച പുറത്തുവന്ന കണക്കനുസരിച്ച് 213 പേരാണ് ചികിത്സതേടിയത്. 49 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ആദ്യദിനം 85 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് പുറത്തുവന്നിരുന്നത്. തിങ്കളാഴ്ച ഇത് 178 പേരായി. ചൊവ്വാഴ്ച ചികിത്സതേടുന്നവരുടെ എണ്ണം കൂടിയതിനൊപ്പം വീട്ടമ്മ മരിക്കുകകൂടി ചെയ്തതോടെ സംഭവത്തിന്റെ ഗൗരവം വർധിച്ചു.
ശനിയാഴ്ച 30 കിലോ അരിയുടെ കുഴിമന്തിയാണ് ഹോട്ടലിൽ ഉണ്ടാക്കിയതെന്നാണ് ആരോഗ്യവകുപ്പിനു കിട്ടിയ വിവരം. ഇത് 230 പേരെങ്കിലും കഴിച്ചിട്ടുണ്ടാകുമെന്നും കരുതുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് കുഴിമന്തി തയ്യാറാക്കിയതെന്നും മയോണൈസ് തീർന്നതിനെത്തുടർന്ന് വൈകീട്ട് വീണ്ടും ഉണ്ടാക്കിയെന്നും ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. സെയിൻ ഹോട്ടലിലെ മൂന്നു ജീവനക്കാർക്കും വിഷബാധയേറ്റിട്ടുണ്ട്. വയറിളക്കം രൂക്ഷമായ ഇവരെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരോഗ്യപ്രവർത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റി.
കാരണം മയോണൈസോ, കുഴിമന്തിയോ...
പെരിഞ്ഞനം : പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിലെ ഭക്ഷ്യവിഷബാധയുടെ കാരണം മയോണൈസോ കുഴിമന്തിയോ? മുട്ട ചേർത്ത മയോണൈസാണ് വില്ലനായതെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രാഥമികനിഗമനം. കുഴിമന്തിക്കൊപ്പം മയോണൈസ് നൽകിയിരുന്നു. നേരത്തേയുണ്ടാക്കിയ മയോണൈസ് തീർന്നപ്പോൾ മുട്ട ചേർത്തുണ്ടാക്കിയെന്നാണ് വിവരം. മുട്ട ചേർത്തുള്ള മയോണൈസിന്റെ ഉത്പാദനവും വിൽപ്പനയും 2023 ജനുവരിയിൽ നിരോധിച്ചിട്ടും വീണ്ടും അതേരീതിയിൽ മയോണൈസ് ഉണ്ടാക്കുന്നതായും പറയുന്നുണ്ട്.
പെരിഞ്ഞനത്തിനും മൂന്നുപീടികക്കും ഇടയിൽ ദേശീയപാതക്കരികിൽ 24 മണിക്കൂറും തുറന്നുപ്രവർത്തിച്ചിരുന്ന ഹോട്ടലാണ് സെയിൻ.ഭക്ഷണത്തിൽ നിറം ചേർത്തതിന് ഇവരുടെ പേരിൽ കോടതിയിൽ കേസും നിലവിലുണ്ട്. ഭക്ഷ്യവിഷബാധയെ തുടർന്ന് ആരോഗ്യവകുപ്പും പഞ്ചായത്തും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ഹോട്ടൽ അടപ്പിച്ചിരുന്നു. എന്നാൽ, സംഭവത്തെത്തുടർന്നുള്ള പരിശോധനയിൽ ഹോട്ടലിൽനിന്ന് കുഴിമന്തിയുടെയോ മയോണൈസിന്റെയോ സാമ്പിളുകളോ മറ്റ് ഭക്ഷണങ്ങളുടെയോ ബാക്കിവന്ന ഭക്ഷണാവശിഷ്ടങ്ങളോ ഒന്നും ലഭിച്ചിരുന്നില്ലെന്ന് ഭക്ഷ്യസുരക്ഷ-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹോട്ടലിൽ ഉപയോഗിക്കാൻ വെച്ചിരുന്ന എണ്ണയടക്കം, പാചകംചെയ്യാത്ത സാധനങ്ങളാണ് പരിശോധനയ്ക്കായി ലഭിച്ചത്.
Content Highlights: Kuzhimanthi food poisoning 213 in treatment