കുറ്റിച്ചിറയിലെ കുത്തക നിലനിർത്തി യുഡിഎഫ്, ഭൂരിപക്ഷത്തിൽ വൻ ഇടിവ്

കോഴിക്കോട്: കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ ചെറിയ വിള്ളലുണ്ടായെങ്കിലും യുഡിഎഫ് കോട്ടയായി തുടരും. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഫർസീന അറയ്ക്കൽ (മുസ്ലീം ലീഗ്) 436 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2711 വോട്ടുകളാണ് നേടിയത്. എൽഡിഎഫ് സ്ഥാനാർഥി ടി.ടി. ജംഷീനയ്ക്ക് (ഐഎൻഎൽ) 2275 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. 204 വേട്ടുകളാണ് എൻഡിഎ സ്ഥാനാർഥി കെ. ജീജയ്ക്ക് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർഥികളായ ജംസീന 46, ഫർസാന 45 വോട്ടുകൾ നേടി.
വാർഡ് കൗൺസിലറായിരുന്ന ഫാത്തിമ തഹിലിയ പേരാമ്പ്ര എംഎൽഎ ആയതോടെയാണ് കുറ്റിച്ചിറയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2025-ൽ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഫാത്തിമ തഹിലിയ വിജയിച്ചത്. ആകെ പോൾചെയ്ത 5603 വോട്ടിൽ 3740 വോട്ട് നേടി. എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന കെ.പി. റഹിയാനത്തിന് 1467 വോട്ടും എൻ.ഡി.എ. സ്ഥാനാർഥി കെ. ജീജയ്ക്ക് 274 വോട്ടുമാണ് അന്ന് ലഭിച്ചത്.
ഉപതിരഞ്ഞെടുപ്പിൽ ആകെ 54.38 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ കുറവാണിത്. കഴിഞ്ഞതവണ 58 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 9712 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 5281 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 5603 പേർ വോട്ടുചെയ്തിരുന്നു.
ഫാത്തിമ തഹിലിയക്ക് ലഭിച്ച 2273 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ ലഭിക്കില്ലെന്ന് യുഡിഎഫ് നേതൃത്വത്തിന് ഉറപ്പായിരുന്നു. എന്നിരുന്നാലും കുറഞ്ഞത് 1000 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷെ ഇത് 436 ലേക്ക് ചുരുങ്ങിയത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. വിജയിക്കാനായില്ലെങ്കിലും ഭൂരിപക്ഷം കുറച്ചതിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.