സ്വന്തം പാടത്തെ നെല്ല് ചാക്കിലാക്കി; നോക്കുകൂലി വേണമെന്ന് കർഷകദമ്പതിമാരോട് CITU; ലോറിയിൽ കയറ്റാൻ സമ്മതിച്ചില്ല

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

കുട്ടനാട്: സ്വന്തം യൂണിയനിൽപ്പെട്ട തൊഴിലാളിയോട് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു. നെടുമുടി മുട്ടനാവേലി പാടശേഖരത്തിലാണ് സിഐടിയുകാരായ ദമ്പതിമാരുടെ നെല്ല് നോക്കുകൂലി നൽകാത്തതിനാൽ ലോറിയിൽ കയറ്റാൻ സിഐടിയുകാർ സമ്മതിക്കാഞ്ഞത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നെടുമുടി താളപ്പറമ്പിൽ എ.എസ്. ഓമനക്കുട്ടൻ-ദീപ ദമ്പതിമാർക്കാണ് ഈ ദുര്യോഗം.

ഇവർക്ക് മുട്ടനാവേലി പാടത്ത് രണ്ട് ഏക്കറിൽ കൃഷിയുണ്ട്. ഒരേക്കർ സ്വന്തം നിലവും ഒരേക്കർ പാട്ടത്തിന് എടുത്തുമാണ് കൃഷിചെയ്തത്. കൊയ്ത്തിനുശേഷം ഇരുവരും ചേർന്ന് സ്വന്തം പാടത്തെ നെല്ല് വാരി ചാക്കിലാക്കിയതാണ് സിഐടിയുകാരെ ചൊടിപ്പിച്ചത്. വാരുകൂലി നൽകണമെന്ന് ആവശ്യപ്പെട്ടാണ് തർക്കം തുടങ്ങിയത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ചാക്കൊന്നിന് 45 രൂപവെച്ച് 130 ചാക്കിന്റെ വാരുകൂലി നൽകണമെന്ന് സിഐടിയുകാർ ആവശ്യപ്പെട്ടു.

ജോലി ചെയ്യാതെ എന്തിനാണ് കൂലി ആവശ്യപ്പെടുന്നതെന്നും ഞാനും നിങ്ങളുടെ യൂണിയനിൽപ്പെട്ട തൊഴിലാളിയല്ലേ എന്നും എന്ന് ഓമനക്കുട്ടനും ഭാര്യയും ഇതിനെ ചോദ്യംചെയ്തതോടെ തർക്കമായി. ഉച്ചയോടെ നെല്ല് എടുക്കില്ലെന്ന് നിലപാട് സിഐടിയുകാർ കടുപ്പിച്ചതോടെ സ്ഥിതി സംഘർഷഭരിതമായി. ലേബർ ഓഫീസറും പോലീസും സ്ഥലത്തെത്തി. തൊഴിലാളികളും കർഷകരുമായി ചർച്ചനടത്തി. നോക്കുകൂലി നൽകുന്നത് തെറ്റാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും ലേബർ ഓഫീസർ നിലപാടെടുത്തു.

ഇതിനിടെ, നെൽ കർഷക സംരക്ഷണ സമിതി പ്രവർത്തകർ സ്ഥലത്തെത്തി ജില്ലാ കളക്ടറുമായും കൃഷിമന്ത്രിയുമായും ഫോണിൽ ബന്ധപ്പെട്ടു. അടിയന്തരമായി നെല്ല് എടുക്കണമെന്ന് ഇരുവരുടെയും നിർദ്ദേശപ്രകാരം വാരുകൂലി നൽകാതെ നെല്ലെടുക്കാൻ തീരുമാനമായി. ലോറിയിൽ സ്ഥലമില്ലാത്തതിനാൽ പാടത്തുതന്നെ നെല്ല് സൂക്ഷിക്കാൻ ലേബർ ഓഫീസർ നിർദ്ദേശം നൽകി. വെള്ളിയാഴ്ച രാവിലെ ആദ്യ ലോഡായിത്തന്നെ നെല്ല് കയറ്റുമെന്ന് അധികൃതർ പറഞ്ഞു.

Content Highlights: Kuttanad Farmers Face 'No Work, Full Pay' Demand: CITU Dispute Highlights Labour Issue