മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ; കളക്ടറോടും എംഎൽഎയോടും രോഷപ്രകടനം

കളക്ടര്‍ നാട്ടുകാരുമായി സംസാരിക്കുന്നു, മൃതദേഹം മാറ്റാന്‍ പോലീസുകാര്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുന്ന നാട്ടുകാര്‍ | Photo: Screen grab/ Mathrubhumi News
കളക്ടര്‍ നാട്ടുകാരുമായി സംസാരിക്കുന്നു, മൃതദേഹം മാറ്റാന്‍ പോലീസുകാര്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുന്ന നാട്ടുകാര്‍ | Photo: Screen grab/ Mathrubhumi News

കോതമംഗലം: കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തെത്തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം തുടര്‍ന്ന് നാട്ടുകാര്‍. കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാന്‍ പോലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ എതിര്‍ത്തു.

മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന് പുറമേ കോതമംഗലം എം.എല്‍.എ. ആന്റണി ജോണും സ്ഥലത്തെത്തി. സോളാര്‍ വേലി, തെരുവ് വിളക്ക് തുടങ്ങി വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരങ്ങള്‍ കളക്ടറുമായുള്ള ചര്‍ച്ചയില്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. വഴിവിളക്ക് ഉടന്‍ സ്ഥാപിക്കുമെന്ന് കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.

നഷ്ടപരിഹാരമുള്‍പ്പെടെ വ്യക്തമായ ഉറപ്പ് ലഭിച്ചാലെ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍. കളക്ടര്‍ നാട്ടുകാരുമായി ഫോറസ്റ്റ് ഓഫീസില്‍ ചര്‍ച്ച തുടരുകയാണ്. മൂന്നാര്‍ ഡി.എഫ്.ഒയും കോതമംഗലം ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. എല്‍ദോസിന്റെ ബന്ധുക്കളോടക്കം കളക്ടര്‍ സംസാരിക്കുകയാണ്.

സോളാര്‍ വേലി സ്ഥാപിക്കാനുള്ള നടപടികള്‍ നേരത്തേ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും മൂന്നുകിലോമീറ്ററോളം ഇത് പൂര്‍ത്തിയായെന്നുമാണ് വനംവകുപ്പ് അറിയിക്കുന്നത്. 12 കിലോമീറ്ററാണ് വേലി സ്ഥാപിക്കുക. നഷ്ടപരിഹാരം നല്‍കുന്നതില്‍ തടസങ്ങളൊന്നുമില്ലെന്ന നിലപാട് കുടുംബത്തെ അറിയിക്കും. എല്‍ദോസിന്റെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന ആവശ്യവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.

Content Highlights: man died in a wild elephant attack in Kuttampuzha, triggering protests